വിതുര: തൊളിക്കോട് പഞ്ചായത്ത് കേന്ദ്രീകരിച്ച് കേരള വാട്ടർ അതോറിട്ടിയുടെ സബ്ഡിവിഷൻ രൂപീകരിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നേരത്തേ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
തൊളിക്കോട് പഞ്ചായത്തംഗങ്ങളും, വാട്ടർ അതോറിട്ടി ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ വിളിച്ചുകൂട്ടിയ യോഗത്തിൽ പ്രശ്നം ഉന്നയിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷനുകളും നിവേദനം നൽകിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്റ്റീഫൻ പ്രശ്നം ഉന്നയിച്ചത്.
നെടുമങ്ങാട് മുനിസിപ്പാലിറ്റിയും പത്തൊമ്പത് പഞ്ചായത്തും ഉൾപ്പെടുന്ന നെടുമങ്ങാട് സബ്ഡിവിഷന് വലിയ അധികാരപരിധി നിലനിൽക്കുന്നതിനാൽ ജലവിതരണം, മെയിന്റൻസ്, റവന്യൂ കളക്ഷനടക്കം നടക്കുന്നതിന് വലിയ ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിൽ തൊളിക്കോട് കേന്ദ്രീകരിച്ച് സബ് ഡിവിഷൻ രൂപീകരിക്കണമെന്നും അരുവിക്കര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകൾക്കും സമീപ മണ്ഡലങ്ങളിലെ പഞ്ചായത്തുകൾക്കും അത് ഉപകാരപ്രദമാകുമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
സബ് ഡിവിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചാൽ കെട്ടിട സൗകര്യം സൗജന്യമായി നൽകാമെന്നും ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രി നിയമസഭയിൽ പറഞ്ഞത്
ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കുന്ന ഘട്ടത്തിൽ ഇത്തരം കാര്യങ്ങൾ പരിഗണിക്കും. മെയിന്റനൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതാവശ്യമാണ്. സർക്കാർ ഇതിനെകുറിച്ച് ആലോചിക്കുന്നുണ്ടെന്നും അപ്പോൾ നിർദ്ദേശം പരിഗണിക്കാമെന്നും മറുപടിയായി മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു.