കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ പത്തിൽപരം കെ.എസ്.ആർ.ടി.സി ബസുകളാണ് വിവിധ സ്ഥലങ്ങളിലൂടെ സർവീസ് നടത്തിയിരുന്നത്. എന്നാൽ നിലവിൽ പേരിന്പോലും ഒരെണ്ണമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആറ്റിങ്ങൽ -കടയ്ക്കാവൂർ വഴി എറണാകുളം ഫാസ്റ്റ് പാസഞ്ചർ, കാപ്പിൽ - കടയ്ക്കാവൂർ - ആറ്റിങ്ങൽവഴി തിരുവനന്തപുരം, ആറ്റിങ്ങൽ -കടയ്ക്കാവൂർ- ചിറയിൻകീഴ് വഴി തിരുവനന്തപുരം തുടങ്ങി അനവധി ട്രാൻസ്പോർട്ട് ബസുകൾ കടയ്ക്കാവൂർ വഴി ഓടികൊണ്ടിരുന്നതാണ്. കൊവിഡ് വന്നപ്പോൾ ഈ ബസുകൾ സർവീസ് നിറുത്തി. എന്നാൽ കൊവിഡിന്റെ പേരിൽ മറ്റ് പഞ്ചായത്തുകളിൽ നിറുത്തലാക്കിയ സർവീസുകളിൽ ചിലതെങ്കിലും പുനഃരാരംഭിച്ചെങ്കിലും കടയ്ക്കാവൂരിൽ മാത്രം വന്നില്ല.

തിരുവനന്തപുരം, കൊല്ലം ഭാഗങ്ങളിലേക്ക് പോകേണ്ട പലരും ആറ്റിങ്ങൽ എത്തിയാണ് മറ്റ് സ്ഥലങ്ങലിലേക്ക് പോകുന്നത്. പലരും കടയ്ക്കാവൂർ വഴി ഉണ്ടായിരുന്ന ട്രാൻസ്പോർട്ട് ബസുകൾ സർവീസ് പുനരാരംഭിക്കണമെന്ന് കാണിച്ച് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിന് നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കലും അത് ചെവിക്കൊള്ളാൻ അധികൃതർ ശ്രദ്ധിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. മെച്ചപ്പെട്ട കളക്ഷൻ ലഭിച്ചിരുന്ന ഈ സർവീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.