thiruvampadi

വർക്കല: സഞ്ചാരികൾക്ക് ഏറെ പ്രിയമേറിയ ബീച്ചുകളിൽ ഒന്നാണ് വർക്കല തിരുവമ്പാടി ബീച്ച്. ധാതുനിക്ഷേപത്തിന്റെ ഭാഗമായി രൂപപ്പെടുന്ന കറുത്ത മണൽപ്പരപ്പാണ് തിരുവമ്പാടിയെ വ്യത്യസ്ഥമാക്കുന്നത്. ഇക്കാരണത്താൽ ബ്ലാക്ക് സാൻഡ് ബീച്ചെന്നും ഇവിടം അറിയപ്പെടുന്നു. ഏകാന്തത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഇവിടം പ്രിയപ്പെട്ടതാണ്. വികസനം അതിവേഗം യാഥാർത്ഥ്യമാക്കേണ്ട പ്രദേശമായിട്ടും സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ പോലും ഇവിടെയില്ല. ബ്ലാക്ക് ബീച്ച് വികസനം സാദ്ധ്യമായാൽ പ്രദേശത്തിന്റെ മുഖച്ഛായ അടിമുടി മാറും. ഒപ്പം സംസ്ഥാന ടൂറിസത്തിന് അനന്തസാദ്ധ്യതളും വർദ്ധിക്കും.

സഞ്ചാരികൾ അധികം വരാത്ത ബ്ലാക്ക് ബീച്ചിനെക്കുറിച്ച് കേട്ടറിഞ്ഞ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇവർക്ക് വേണ്ട സുരക്ഷ ഒന്നുംതന്നെയില്ല. പൊലീസിന്റെ എയ്ഡ് പോസ്റ്റ് ഇവിടെയില്ല. പൊലീസ് പട്രോളിംഗും പ്രദേശത്ത് കുറവാണ്. തെരുവുവിളക്കുകളും ഇല്ല.

ലൈഫ് സേവിംഗ് റോബോട്ടുകൾ

ഒരേ സമയം ഒന്നിലധികം പേർ തിരയിൽപ്പെട്ടാൽ ലൈഫ് ഗാർഡിന് എല്ലാപേരെയും രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ലൈഫ് സേവിംഗ് റോബോട്ടുകൾ വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ 6 മാസത്തിനുള്ളിൽ വർക്കല മുതൽ കാപ്പിൽ വരെയുള്ള വിവിധ ബീച്ചുകളിലായി തിരയിൽപ്പെട്ട് 17 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഇവരെ രക്ഷപ്പെടുത്താൻ മതിയായ ലൈഫ് ഗാർഡുകൾ തീരത്തില്ല, ആക്രിസാധനങ്ങളുടെ ശേഖരണകേന്ദ്രം പോലെ തകര ഷീറ്റുകൾ കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ് ലൈഫ് ഗാർഡുകളുടെ വിശ്രമകേന്ദ്രം.

കരിമണലെന്ന നിധി

ഏറെ വിലയുള്ളതും തിളക്കമുള്ളതുമായ ടൂട്ടൈൽ അടങ്ങിയ കരിമണ്ണാണ് കേരളത്തിന്റെ തീരത്തുള്ളത്. കരിമണ്ണിന് തിളക്കം നൽകുന്നതും റൂട്ടൈൽ തന്നെ. കൂടാതെ ഏറെ പ്രാധാന്യമുള്ള ഇൽമനൈറ്റ്,​ സിർക്കൺ,​ സിലിമനേറ്റ്,​ മോണോസൈറ്റ്,​ ഗാർനെറ്റ് എന്നിവയും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിൽ വ്യവസായ പ്രധാന്യമുള്ള ഇൽമനൈറ്റിൽ നിന്നാണ് ടൈറ്റാനിയം മെറ്റൽ,​ ടൈറ്റാനിയം സ്പോഞ്ച്,​ ടൈറ്റാനിയം ഡൈ ഒക്സൈഡ് എന്നിവ വേർതിരിച്ചെടുക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള തീരത്തെ ധാതു സമ്പത്തുകളെക്കുറിച്ചുള്ള ആധികാരിക പഠനം നടത്താൻ അധികൃതർ തയാറായിട്ടില്ലെന്നും പരാതിയുണ്ട്.