കിളിമാനൂർ: ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അപകടഭീഷണിയുയർത്തി കിളിമാനൂർ ടൗണിനെ കുന്നുമ്മലുമായി ബന്ധിപ്പിക്കുന്ന പഴയപാലം. സംസ്ഥാന പാതയിൽ പുതിയ പാലം നിർമ്മിച്ചങ്കിലും കുന്നുമ്മൽ ഭാഗത്തേക്കുള്ള ഗതാഗത സൗകര്യത്തിനായി പഴയ പാലം നിലനിറുത്തുകയായിരുന്നു. ഇതുവഴി ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങൾ നിത്യേന കടന്നുപോകുന്നുണ്ട്. കഷ്ടിച്ച് ഒരു വാഹനം കടന്നുപോകാനുള്ള വീതിയേ പാലത്തിനുള്ളൂ. ഇരുവശവുമുള്ള കമ്പിവേലിക്ക് ഉയരം രണ്ടടി മാത്രം. പലയിടത്തും വേലി ദ്രവിച്ചിട്ടുണ്ട്. കാടുകയറിയതിനാൽ വേലി കാണാനുമാവില്ല. കാൽനട യാത്രക്കാർ പാലത്തിലൂടെ സാഹസപ്പെട്ടാണ് പോകുന്നത്. പാലത്തിന് കഷ്ടിച്ച് 50 മീറ്റർ അകലെയാണ് കിളിമാനൂർ ഗവ. ടൗൺ യു.പി സ്കൂൾ. അതിനാൽ വിദ്യാർത്ഥികൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയുമേറെ. പാലത്തിന് ഇരുവശത്തുമുള്ള കാടുകൾ നീക്കി ഉയരമുള്ള സംരക്ഷണഭിത്തി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.