തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുകയും തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് 50വർഷത്തേക്ക് കൈയിലാവുകയും ചെയ്തതോടെ, തലസ്ഥാനത്തെ കടലും ആകാശവും അദാനിയുടെ നിയന്ത്രണത്തിലായി. ലോകമെമ്പാടും തുറമുഖ നടത്തിപ്പുള്ള അദാനിക്ക്, തിരുവനന്തപുരം വിമാനത്താവളവും തുറമുഖവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിൽ കണ്ണുണ്ട്. അത് നടന്നാൽ തലസ്ഥാനം വൻ സാമ്പത്തിക മേഖലയായി വളരും. തലസ്ഥാനവാസികൾക്ക് നൽകിയ വാക്കു പാലിച്ചെന്നും വിഴിഞ്ഞത്ത് 20,000 കോടി നിക്ഷേപിക്കുമെന്നുമാണ് അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി പറഞ്ഞത്.
രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് ഹബായ വിഴിഞ്ഞത്ത് എത്രവലിയ കൂറ്റൻ അമ്മക്കപ്പലും അടുപ്പിക്കാനാവും. ഇറക്കുമതി- കയറ്റുമതിക്ക് കസ്റ്റംസ് അനുമതിയുമായിട്ടുണ്ട്. ഓണത്തിന് കമ്മിഷൻ ചെയ്യുന്നതോടെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണതോതിലാവും. കൂറ്റൻ കപ്പലുകൾ അടുപ്പിക്കാനാകുന്ന തുറമുഖം ഇന്ത്യയിലില്ലാത്തതിനാൽ വിദേശത്തുനിന്ന് സമുദ്രമാർഗം ഇന്ത്യയിലെത്തുന്ന ചരക്ക് ദുബായ്, കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. വിശാഖപട്ടണം, മുന്ദ്ര തുറമുഖങ്ങളിൽ വലിയ മദർഷിപ്പുകൾ അടുപ്പിക്കാനാവില്ല. വിഴിഞ്ഞം തുറക്കുന്നതോടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരില്ല. ചരക്കുമാറ്റത്തിനായി (ട്രാൻസ്ഷിപ്മെന്റ്) രാജ്യത്തെ മറ്റിടങ്ങളിൽനിന്നുള്ള കപ്പലുകളും എത്തുന്നതോടെ സമുദ്രമാർഗമുള്ള ചരക്കുനീക്കത്തിന്റെ അന്താരാഷ്ട്ര കവാടമായി വിഴിഞ്ഞം മാറും. രാജ്യാന്തര കപ്പൽചാലിൽ നിന്ന് 18കിലോമീറ്റർ മാത്രം ദൂരമുള്ളതും 20മീറ്റർ സ്വാഭാവിക ആഴമുള്ളതുമാണ് വിഴിഞ്ഞത്തിന് ഗുണകരമാവുന്നത്.
വിമാനത്താവളം വികസിപ്പിക്കും
പ്രതിവർഷം 44ലക്ഷം യാത്രക്കാരുള്ള വിമാനത്താവളത്തെ ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാനാവുംവിധം വികസിപ്പിക്കാൻ തയ്യാറാക്കുകയാണ് അദാനി. മൂന്നുവർഷം കൊണ്ട്
2,000 കോടിയുടെ വികസനമാണ് നടപ്പാക്കുക. അന്താരാഷ്ട്ര ടെർമിനൽ വിപുലീകരണം, പുതിയ എയർട്രാഫിക് കൺട്രോൾടവർ, റൺവേ റീ- കാർപ്പറ്റിംഗ് എന്നിവയടക്കം 1,200കോടിയുടെ പദ്ധതികൾക്ക് എയർപോർട്ട്സ് എക്കണോമിക് റഗുലേറ്ററി അതോറിട്ടി (എയ്‌റ) അനുമതി നൽകിക്കഴിഞ്ഞു. 2070വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതുക്കിപ്പണിയുക. കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ച് യാത്രക്കാരെ ആകർഷിക്കാനാണ് അദാനിയുടെ ശ്രമം.
2,500കോടി
തുറമുഖത്ത് പ്രതീക്ഷിക്കുന്ന പ്രതിവർഷ വരുമാനം
400കോടി
സംസ്ഥാന സർക്കാരിനുള്ള നികുതിവരുമാനം