തിരുവനന്തപുരം : അതിഥികളെ വരവേറ്റു, അവതാരകയായി, മുഴുനീളെ ഏകോപനം, ഒടുവിൽ നന്ദിയും പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ മദർഷിപ്പിന്റെ സ്വീകരണ ചടങ്ങിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് മാനേജിംഗ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ താരമായി. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗം കൂടിയായതോടെ ദിവ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. വേദിയിൽ ഓടിനടന്ന് ഏകോപനം നടത്തിയ ദിവ്യയായിരുന്നു അവതാരകയുടെ റോളിലും. വിശിഷ്ടവ്യക്തികളെ തെളിമയാർന്ന മലയാളത്തിൽ ആമുഖത്തോടെ പ്രസംഗിക്കാൻ സ്വാഗതം ചെയ്തത് ദിവ്യയായിരുന്നു.
മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചാണ് ദിവ്യ അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിച്ചത്.
'വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാകുന്ന നിമിഷത്തിൽ ഇത് കേരള ജനതയുടെ വിജയമാണെന്ന് കുറിക്കാനായി മുഖ്യമന്ത്രി ഇവിടെ ഉണ്ട്. വൻകിട പദ്ധതികൾ എല്ലാം കടലാസിൽ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നു. അസാദ്ധ്യമായി തോന്നിപ്പിക്കുന്ന അനേകം ബൃഹത്പദ്ധതികളെ യാഥാർഥ്യമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയവും ഇച്ഛാശക്തിയും മാർഗദർശനവും നമുക്ക് ഒരു മാതൃകയാണ്. ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നിൽ വാതായനങ്ങൾ തുറക്കുമ്പോൾ നമുക്ക് ഓരോരുത്തർക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി നിലകൊള്ളുന്നു.' - ദിവ്യ പറഞ്ഞു.