തിരുവനന്തപുരം: പി.എസ്.സി കോഴ ആരോപണത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ഉദ്യോഗാർത്ഥികൾക്ക് നിയമനം കൊടുക്കാൻ പി.എസ്.സിക്ക് സാധിക്കുന്നില്ലെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾക്കും ഭാര്യമാർക്കും പാർട്ടി പ്രവർത്തകർക്കും നിയമനം കൊടുക്കുന്ന ഇടമായി പി.എസ്.സി മാറിയെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽകൃഷ്ണ ആരോപിച്ചു.
സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത നിസാമിനെയും ശിവരഞ്ജിത്തിനെയും പോലുള്ള എസ്.എഫ്.ഐ നേതാക്കൾക്ക് എങ്ങനെയാണ് പൊലീസ് റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്ക് ലഭിച്ചതെന്നും പ്രഫുൽകൃഷ്ണ ചോദിച്ചു.
യുവ മോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ നേരിയ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കു നേരെ നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടപടിയിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ.അജേഷ്,മനുപ്രസാദ്,ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.ആർ.എസ്.രാജീവ്,മേഖലാ ഉപാദ്ധ്യക്ഷൻ ശിവശങ്കരൻ നായർ,പൂവച്ചൽ അജി,അഭിജിത്,രാമേശ്വരം ഹരി,അനന്തു വിജയ്,സഞ്ചു,ഷിജു,പനച്ചമൂട് പ്രതീഷ്,വഞ്ചിയൂർ വിഷ്ണു എന്നിവർ പങ്കെടുത്തു.