തിരുവനന്തപുരം: തുറമുഖം വരുമെന്ന് കഥയായി കേട്ടവരും കപ്പലുകൾ ചരക്കുമായി എത്തുന്നത് കാത്തിരുന്നവരും ക്രെയിനും കണ്ടെയ്നറും കാണാൻ തിരക്കുകൂട്ടി. തലമുറകളുടെ സ്വപ്നം പൂവണിഞ്ഞ ഇന്നലെ അമ്മക്കപ്പൽ സാൻഫെർണാണ്ടോയെ വരവേൽക്കാൻ സ്ത്രീകളും കുട്ടികളും പ്രായമായവരുമുൾപ്പെടെ നാടൊന്നാകെ തുറമുഖത്തേക്ക് ഒഴുകി. കുട്ടികൾക്ക് വലിയ കപ്പൽകണ്ട കൗതുകം.​ മുതിർന്നവർക്ക് കാത്തിരുന്ന സ്വപ്നം കൺമുന്നിൽ തെളിഞ്ഞതിന്റെ ആഹ്ലാദം. വ്യാഴാഴ്ച കപ്പൽ എത്തിയതുമുതൽ പ്രദേശത്ത് ഉത്സവാന്തരീക്ഷമായിരുന്നു.

ഇന്നലെ രാവിലെ ഏഴു മുതൽ മാദ്ധ്യമപ്രവർത്തകരെ വേദിയിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പെടെ വൻനിര ചടങ്ങിനെത്തിയിരുന്നു. 8നുശേഷം പൊതുജനങ്ങളേയും കടത്തിവിട്ടു. അതീവസുരക്ഷാ പരിശോധനകൾക്ക് ശേഷമായിരുന്നു എല്ലാവരും ഇരിപ്പിടങ്ങളിലേക്കെത്തിയത്. വിവിധഭാഗങ്ങളിൽ നിന്ന് സ്വകാര്യ ബസുകളിലും വാഹനങ്ങളിലുമായി ആളുകളെ എത്തിച്ചിരുന്നു. തുടർന്ന് 10.30ഓടെ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സർബാനന്ദ സോനാവാളും ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികൾ കപ്പലിന് സമീപമെത്തി ആഘോഷ സൂചകമായി ബലൂൺ പറത്തുകയും ശിലാഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. വേദിയിലെ സ്ക്രീനിലൂടെ കണ്ട കാണികൾ കൈയടിച്ച് ആഹ്ലാദം പങ്കുവച്ചു. ഒന്നരമണിക്കൂറോളം നീണ്ട ചടങ്ങിൽ പങ്കെടുത്തവർക്ക് ലഘുഭക്ഷണം നൽകി പരിപാടി അവസാനിച്ചു. മടങ്ങുന്നതിനിടെ ജനം കപ്പലിനടുത്തേക്ക് പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഉദ്യോഗസ്ഥർ കടത്തിവിട്ടില്ല.

ഫ്ലക്‌സ് യുദ്ധം

തുറമുഖപ്രദേശത്തും പരിസരങ്ങളിലും ഫ്ലക്‌സ് യുദ്ധമായിരുന്നു ഇന്നലെ. 'വിജയവഴിയിൽ വിഴിഞ്ഞം" എന്ന തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ ചിത്രവുമായുള്ള ഫ്ലക്‌സുകളാണ് സംഘാടകർ സ്ഥാപിച്ചത്. വേദിയിലേക്കെത്തിയവരെ സ്വീകരിച്ചത് ഈ കൂറ്റൻ ഫ്ല്ക്സ്‌ ബോർഡുകളായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സേവനങ്ങളെ സർക്കാർ വിസ്മരിക്കുന്നുവെന്ന പരാതിയുമായി രംഗത്തുള്ള കോൺഗ്രസ് തുറമുഖത്തിന്റെ പ്രവേശന കവാടത്തിന് സമീപവും പരിസരപ്രദേശത്തെ റോഡുകളിലും ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് ബോർഡുകളും നിരത്തി. 'സാറിന്റെ സ്വപ്നം പൂവണിയുന്നു", 'ഉമ്മൻചാണ്ടിയുടെ വിഴിഞ്ഞം" തുടങ്ങിയ തലക്കെട്ടോടെയായിരുന്നു അവരുടെ ഫ്ലക്‌സുകൾ.