തിരുവനന്തപുരം: സംസ്ഥാനം പനിയിൽ വിറങ്ങലിക്കുമ്പോൾ തിരക്കുകൾ മാറ്റിവച്ച് പത്തനംതിട്ടയിൽ ഗുണ്ടകളെയും ക്രിമിനലുകളെയും സ്വീകരിക്കാൻ ഓടിനടക്കുന്ന ആരോഗ്യമന്ത്രി നാടിന് അപമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസിൽ പിടിയിലായ പ്രതിക്കും പിന്നാലെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയെയും സി.പി.എമ്മിൽ ചേർക്കാനാണ് ആരോഗ്യമന്ത്രി നേരിട്ടെത്തിയത്. കേരളം പനിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാപ്പ കഞ്ചാവ് കേസ് പ്രതികളെ വരവേൽക്കുന്നത്. കോളറ പോലുള്ള നിർമ്മാർജനം ചെയ്യപ്പെട്ട രോഗങ്ങൾ തിരിച്ചുവരുകയാണ്. ഡെങ്കിയും എച്ച്1 എൻ1 ഉം സർവ്വസാധാരണമാവുന്നു. പനിബാധിച്ച് നൂറുകണക്കിനാളുകളാണ് കേരളത്തിൽ മരണപ്പെടുന്നത്. ഇതിലൊന്നും മന്ത്രിക്ക് ശ്രദ്ധയില്ല. പോപ്പുലർഫ്രണ്ട് നിരോധനത്തിന് ശേഷം ഭീകരവാദ സ്വഭാവമുള്ളവർക്ക് വേണ്ടിയായിരുന്നു സി.പി.എമ്മിന്റെ വാതിലുകൾ തുറന്നിട്ടിരുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.