തിരുവനന്തപുരം: ആദിവാസികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി ഇടപെടണമെന്നും ആദിവാസി ക്ഷേമത്തിന്റെ പേരിൽ ചെലവഴിച്ച ഫണ്ടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സംസ്ഥാന ആദിവാസി ഏകോപന സമിതി ചെയർമാൻ കള്ളിക്കാട് പി.സദാശിവൻ കാണി ആവശ്യപ്പെട്ടു.മാറിമാറി വരുന്ന സർക്കാരുകളുമായി പലപ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. സംസ്ഥാനത്തെ അട്ടപ്പാടി, വയനാട് പോലുള്ള മേഖലകൾ ഇന്നും മുഖ്യധാരയിൽ നിന്ന് അകന്ന് നിൽക്കുകയാണ്.നിയമങ്ങളും ചട്ടങ്ങളും നോക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ആദിവാസികൾക്ക് നേരെയുള്ള പീഡനങ്ങൾക്കും അക്രമങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിവേദനം സമർപ്പിക്കുമെന്നും ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു.