ds

തിരുവനന്തപുരം: വയനാട്ടിൽ ചേരുന്ന ചിന്തൻ ശിബിരത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികൾ അവതരിപ്പിക്കാൻ ഡി.സി.സികൾക്ക് കെ.പി.സി.സി നിർദ്ദേശം. 14 ഡി.സി.സികളും ഇതുസംബന്ധിച്ച വിശാലമായ കർമ്മ പദ്ധതി തയ്യാറാക്കി രണ്ട് ദിവസത്തെ യോഗത്തിൽ അവതരിപ്പിക്കണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ആഴത്തിലുള്ള അവലോകനം യോഗത്തിലുണ്ടാവും. ബി.ജെ.പിയുടെ മുന്നേറ്റവും സി.പി.എം അടക്കമുള്ള പാർട്ടികളിൽ നിന്നുള്ള വോട്ടൊഴുക്കും സാമുദായിക സംഘടനകളുടെ സംഘപരിവാർ അനുഭാവവും പരിശോധനാ വിധേയമായേക്കും. പാർട്ടിക്കും മുന്നണിക്കും വോട്ട് കുറഞ്ഞ ഇടങ്ങളെപ്പറ്റിയും വിലയിരുത്തും. ഡി.സി.സികൾ നൽകുന്ന ബൂത്തടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകൾ വിശകലനം ചെയ്ത് പരിഹാര മാർഗങ്ങളും കണ്ടെത്തും. ജില്ലാതലത്തിൽ തുറക്കുന്ന വാർറൂമുകളുടെ പ്രവർത്തനം സംബന്ധിച്ചും ചർച്ചയുണ്ടാവും.

ഇത്തവണ 70 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും വിജയിക്കണമെന്ന നിർദ്ദേശമാണ് കെ.പി.സി.സി യോഗത്തിൽ ഉയർന്നത്. ത്രിതല പഞ്ചായത്തുകൾക്ക് പുറമേ തിരുവനന്തപുരം, തൃശ്ശൂർ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും പ്രത്യേക ശ്രദ്ധ വയ്ക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനായാൽ തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചു പിടിക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിനു പുറമേ വയനാട് , പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളെപ്പറ്റിയും ചർച്ച നടക്കും. കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് പ്രധാന നേതാക്കൾ ആശയ വിനിമയം നടത്തിയേക്കും.