വിഴിഞ്ഞം: തുറമുഖത്ത് ക്രൂ ചെയ്ഞ്ച് പുനരാരംഭിച്ചാൽ സർക്കാരിന് കോടികളുടെ അധിക വരുമാനം ലഭിക്കും. തുറമുഖത്തിന് അടുത്തായി വിമാനത്താവളമുള്ളതും നേട്ടമാണ്. 2020 ജൂലായ് 15നാണ് ആദ്യമായി ക്രൂ ചെയ്ഞ്ചിംഗിനായി വിഴിഞ്ഞത്ത് കപ്പൽ അടുത്തത്. 2022 ജൂലായിൽ കേന്ദ്ര സർക്കാരിന് കീഴിലെ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന്റെ ഉത്തരവിനെ തുടർന്ന് നിറുത്തിവച്ചു. ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് സേഫ്ടി കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭിച്ചെങ്കിലും നടപടികൾ വൈകുകയാണ്. സംസ്ഥാന മാരിടൈം ബോർഡിന്റെ മേൽനോട്ടത്തിൽ കേരള സ്റ്റീമർ ഏജൻസ് അസോസിയേഷനാണ് ചെയ്ഞ്ചിംഗ് നടത്തിയിരുന്നത്. 2020- 22 കാലയളവിൽ 736 മതർ വെസലുകളും സൂപ്പർ ടാങ്കറുകളും ഇവിടെ അടുത്തിരുന്നു. 10 കോടിയിലേറെ വരുമാനവും ലഭിച്ചു. ഇതോടെ സംസ്ഥാന സർക്കാർ തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആൻഡ് ബങ്കറിംഗ് പദവി നൽകിയിരുന്നു.