k

കൊച്ചി: ഒരാളുടെ മുഖംനോക്കി, പറയുന്നത് സത്യമാണോയെന്ന് കണ്ടെത്താൻ നിർമ്മിതബുദ്ധിക്ക് സാധിക്കുമോ? പറ്റുമെന്ന് കുസാറ്റിലെ വിദ്യാർത്ഥികളും മന്ത്രി പി. രാജീവും.

കോടതി ആവശ്യങ്ങൾക്കുള്ള നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയറുമായി എ.ഐ കോൺക്ലേവിൽ തിളങ്ങി കുസാറ്റ് വിദ്യാർത്ഥികൾ. കമ്പ്യൂട്ടർ സയൻസ്, ഐ.ടി വിഭാഗങ്ങളിലെ 13 വിദ്യാർത്ഥികളും രണ്ട് റിസർച്ച് സ്കോളർമാരും അടങ്ങുന്ന സംഘമാണ് ലീഗൽ ജി.പി.ടി എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

കേസിന്റെ നൂലാമാലകൾ സാധാരണക്കാർക്ക് എളുപ്പമാക്കുന്നതാണ് ലീഗൽ ജി.പി.ടി. മൂന്ന് രീതിയിൽ ഇത് പ്രയോജനപ്പെടുത്താം. വാഹനാപകടം സംഭവിച്ചാൽ കേസ് ഫയൽ ചെയ്യുന്നതെങ്ങനെ? ഇൻഷ്വറൻസിന് എങ്ങനെ അപേക്ഷിക്കാം? ഇത്തരം ചോദ്യങ്ങൾ ചാറ്റ്ബോട്ടിനോട് ചോദിക്കാം. സാങ്കേതിക പദങ്ങൾ ഒഴിവാക്കി ലളിതമായ ഭാഷയിൽ മറുപടി ലഭിക്കും. ഒരു കേസിന് സമാനമായ പഴയ കേസുകളും അവയുടെ വിധികളുടെ പകർപ്പും ഞൊടിയിടയിൽ ലഭിക്കും. ആവശ്യമുള്ള കേസിന്റെ പ്രമേയം മാത്രം നൽകിയാൽ മതി. നിരവധി പേജുകളുള്ള കേസിന്റെ ഫയൽ അപ്‌ലോഡ് ചെയ്താൽ പ്രസക്തഭാഗങ്ങളുടെ രത്നച്ചുരുക്കം നൽകുന്നതാണ് മൂന്നാമത്തെ സേവനം. ഐ.ബി.എമ്മുമായി സഹകരിച്ചാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്.

ഹൈക്കോടതിയുമായി കരാർ

ഹൈക്കോടതിക്കായി കൂടുതൽ നിർമ്മിതബുദ്ധി സേവനങ്ങൾ വികസിപ്പിക്കാനുള്ള കരാർ കുസാറ്റ് വി.സി പ്രൊഫ.പി.ജി. ശങ്കരന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് കൈമാറി. മന്ത്രി പി. രാജീവ് പങ്കെടുത്തു. കുസാറ്റിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻ മേധാവി ജൂഡിയുടെ നേതൃത്വത്തിൽ ഒരുമാസമെടുത്താണ് വിദ്യാർത്ഥികൾ ലീഗൽ ജി.പി.ടി പുറത്തിറക്കിയത്.