തിരുവനന്തപുരം: കോഴിക്കോട്- ബംഗളൂരു റൂട്ടിൽ നഷ്ടത്തിലോടുന്ന നവ കേരള ബസ് സർവീസ് കോഴിക്കോട് -തിരുവനന്തപുരം റൂട്ടിലേക്ക് മാറ്രാൻ ഗതാഗത വകുപ്പിൽ ആലോചന
ഈ മാസം ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴിന് മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനാൽ ബുധനും വ്യാഴവും സർവീസ് നടത്തിയില്ല. രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാൽ 62,000 രൂപ കെ.എസ്.ആർ.ടി.സിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ ബസിന് ചെലവ് നാൽപതിനായിരത്തോളം രൂപ. 45,000 രൂപയെങ്കിലും കിട്ടിയാൽ സർവീസ് സുഗമമായി നടത്താം. എന്നാൽ, ഈ മാസം നാൽപതിനായിരത്തിന് മുകളിൽ കളക്ഷൻ കിട്ടിയത് രണ്ട് ദിവസം.സീറ്റ് നിറഞ്ഞ് ഒരു ദിവസം പോലും ഓടിയില്ല. 26 സീറ്റ് മാത്രം.പുലർച്ചെ നാലു മണിക്കാണ് കോഴിക്കോടു നിന്നും ബസ് പുറപ്പെടുന്നത്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്കും. ഈ സമയ ക്രമവും പ്രതികൂലമായെന്നാണ് വിലയിരുത്തൽ
യാത്രക്കാരന്
നഷ്ടം
നവകേരള എ.സി ബസ്സിലുള്ളത് പുഷ് ബാക്ക് സീറ്റുകൾ. നിരക്ക് 1240 രൂപ.ഓൺലൈനായി ബുക്ക് ചെയ്താൽ 1256 രൂപ
സ്വകാര്യ എ.സി. ബസിൽ ഈ നിരക്കിൽ സ്ലീപ്പർ സീറ്റ്.
ഗരുഡ പ്രിമിയം ബസെന്ന പേരിലാണ് യാത്ര. മറ്റ് ഗരുഡ പ്രിമിയം സർവീസുകൾക്ക് കോഴിക്കോട്- ബംഗളൂരു ഓൺലൈൻ നിരക്ക് 1212 രൂപ.
സ്വിഫ്ടിന്റെ ഗരുഡ എ.സി ബസിന് 627 രൂപ
പൗർണ്ണമിക്കാവിൽ
ഗുരു പൂർണ്ണിമ 21ന്
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ കർക്കടക മാസത്തിലെ പൗർണ്ണമിക്ക് ഗുരുപൂർണ്ണിമ ആഘോഷിക്കും. 21ന് നടക്കുന്ന ഗുരുപൂർണ്ണിമ ചടങ്ങിൽ നിരവധി സ്വാമിമാർ കാർമ്മികത്വം വഹിക്കും. പൗർണ്ണമിക്കാവിലെ ഗുരുപൂർണ്ണിമ വിശേഷപ്പെട്ടതാണെന്ന് മഠാധിപതി സിൻഹാ ഗായത്രി പറഞ്ഞു. ആദി ഗുരുവായ ശിവൻ സപ്തർഷികൾക്ക് യോഗ പകർന്നു കൊടുത്തതിന്റെ ഓർമ്മപ്പെടുത്തലാണ് ഗുരുപൂർണ്ണിമ. അക്ഷരദേവതകളെ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രമായ പൗർണ്ണമിക്കാവിൽ പ്രാർത്ഥിച്ചാൽ ഗുരുക്കന്മാരുടെ അനുഗ്രഹവും ഗുരുശാപം കിട്ടിയിട്ടുണ്ടെങ്കിൽ പരിഹാരവും ലഭിക്കുമെന്ന് മഠാധിപതി പറഞ്ഞു. വേദവ്യാസ ജയന്തി കൂടിയായ ഗുരുപൂർണ്ണിമയ്ക്ക് പൗർണ്ണമിക്കാവിൽ വരുന്ന ഭക്തർക്ക് ആദിഗുരു മുതലുള്ള ഗുരുക്കന്മാരുടെ അനുഗ്രഹം നേടാൻ കഴിയും.
സപ്ളിമെന്ററി പരീക്ഷ: നഴ്സിംഗ്
വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
കൊച്ചി: ആരോഗ്യസർവകലാശാലയ്ക്ക് കീഴിലെ നാലാംസെമസ്റ്റർ തോറ്റ 448 ബി.എസ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സപ്ളിമെന്ററി പരീക്ഷ നിഷേധിക്കുന്നതായി പരാതി. അഞ്ചാംസെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കാത്തതിനാൽ ഇവർക്ക് ഒരുവർഷം നഷ്ടമാകുമെന്ന് സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ ഒഫ് ഇന്ത്യ ചെയർപേഴ്സൺ അമൽവർഗീസ് പറഞ്ഞു.
448 പേർക്കുവേണ്ടി പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്നും ഏഴാംസെമസ്റ്ററിന് മുമ്പ് എഴുതാൻ അവസരം നൽകുമെന്നുമാണ് അക്കാഡമിക് കൗൺസിൽ തീരുമാനം. ഇത് അന്യായമാണെന്നും വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുന്നതാണെന്നും അമൽവർഗീസ് പറഞ്ഞു. 31നകം തീരുമാനമായില്ലെങ്കിൽ പരീക്ഷ എഴുതാനാവില്ല. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.
സെക്രട്ടറി എ.പി. നവീൺ, ട്രഷറർ എസ്.എൻ.അശ്വിൻ, ആർ.എസ്. മുഹമ്മദ് ആഷിക് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.