secretariate

തിരുവനന്തപുരം: ക്ഷേമ പെൻഷനുൾപ്പെടെ മുടങ്ങുമ്പോൾ,​ സാമ്പത്തിക പ്രതിസന്ധിയുടെ കണക്ക് നിരത്തുന്ന പതിവ് നിറുത്തി സ്വന്തമായി കൂടുതൽ വരുമാനം കണ്ടെത്താൻ സർക്കാർ. പദ്ധതിച്ചെലവ് കുറയ്ക്കും. നികുതി പിരിവ് ഊർജ്ജിതമാക്കും. ഒപ്പം സേവന നിരക്കും കൂട്ടും.

വിവിധ മേഖലകളിൽ കുന്നൂകൂടിയ കുടിശ്ശിക തീർക്കാൻ വരുമാനം കൂട്ടിയേ തീരൂ.

കേന്ദ്രത്തെ മാത്രം പഴിച്ചിരുന്നാൽ ജനം തിരിയുമെന്ന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബോദ്ധ്യപ്പെടുകയും ചെയ്തു.

തൽക്കാലം പിടിച്ചുനിൽക്കാൻ 20,​000 കോടിയെങ്കിലും അധികം കണ്ടെത്തണം. മൂന്നാം മോദി സർക്കാർ കൂടുതൽ കടുപ്പിക്കില്ലെന്ന വിശ്വാസത്തിലാണ് കേരളം. സർക്കാരിൽ സഖ്യകക്ഷികൾക്ക് സ്വാധീനമുണ്ട്. ഇത് സംസ്ഥാനങ്ങളോടുള്ള സമീപനം ഉദാരമാക്കുമെന്നാണ് കണക്കുകൂട്ടൽ.
സാമ്പത്തിക പാക്കേജോ,വായ്പാപരിധിയിൽ ഇളവോ കിട്ടുകയാണെങ്കിൽ അതുവഴി പകുതി തുകയെങ്കിലും കണ്ടെത്താനാകും. 15000 കോടിയാണ് വായ്പാപരിധിയിൽ ശേഷിക്കുന്നത്. ഓണക്കാല ചെലവിനും പ്രതിമാസ ധനകമ്മി മറികടക്കാനും അത് വേണ്ടിവരും.

ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് കൂട്ടാനാണ് സെക്രട്ടറിതല സമിതിയുടെ ശുപാർശ. പക്ഷേ അതുവഴി പരമാവധി കിട്ടുക 300 കോടിയിൽ താഴെയാണ്. മാത്രമല്ല,​ ജനരോഷത്തിന് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.

പദ്ധതി ചെലവ് 38886.91കോടിയാണ്. അതിൽ 8516.91 കോടി കേന്ദ്രവിഹിതവും 8532കോടി തദ്ദേശവികസന ചെലവുമാണ്. സംസ്ഥാനവിഹിതം 21838കോടിയാണ്. ഇതിൽ കേന്ദ്രപദ്ധതികളിൽ സംസ്ഥാനം നൽകേണ്ട വിഹിതമായ 6000 കോടി നൽകിയേ തീരൂ. ശേഷിക്കുന്ന 15000 കോടിയിൽ മാത്രമാണ് കുറവ് നടത്താനാകുക. അങ്ങനെ ചെയ്താലും 10000 കോടിയിൽ താഴെയേ നേടാനാകൂ. സംസ്ഥാനത്ത് സമാഹരിക്കാൻ കഴിയുന്നതും കേന്ദ്രത്തിൽ നിന്നു കിട്ടാവുന്നതും കണക്കുകൂട്ടി അറിയിക്കാൻ ഉന്നത ഉദ്യോഗസ്ഥരോട്

സർക്കാർ ആവശ്യപ്പെട്ടെന്നാണ് സൂചന.

മുന്നിലെ വഴികൾ

 പാക്കേജോ ഇളവുകളോ ആയി കേന്ദ്രത്തിൽ നിന്ന് പണം തേടും

 ഐ.ജി.എസ്.ടി നേടിയെടുക്കുന്നതിലെ അലസത മാറ്റും

 കർശന നടപടികളിലൂടെ നികുതി വരുമാനം കൂട്ടും

 കിഫ്ബി തിരിച്ചടവിന് സാവകാശം തേടും

 ക്ഷേമപെൻഷൻ മൂന്ന് മാസത്തിലൊരിക്കലാക്കും

 ജീവനക്കാരുടെ കുടിശ്ശിക സമയബന്ധിതമാക്കും

മൊത്തം കുടിശ്ശിക 22667കോടി

( ഇനം തിരിച്ച് തുക കോടിയിൽ )

സാമൂഹ്യക്ഷേമപെൻഷൻ...................................4250

പെൻഷൻപരിഷ്ക്കരണം.......................................600

കരാറുകാർക്ക്....................................................... 2500

ലൈഫ് മിഷൻ........................................................... 717

ഖാദി,അംഗനവാടി,സപ്ളൈകോ,

വന്യജീവി ആക്രമണ ഇരകൾ............................. 1600

ജീവനക്കാർക്ക് ഡി.എ........................................... 9000

ശമ്പളപരിഷ്ക്കരണം,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 4000