കല്ലറ: ഒരു കാലത്ത് ഓണമടുത്താൽ നിന്നുതിരിയാൻ സമയമില്ലാത്തവരായിരുന്ന മൺപാത്ര നിർമാണ തൊഴിലാളികൾ ഇപ്പോൾ പട്ടിണിയിലാണ്. അസംസ്‌കൃത വസ്തുവായ കളിമണ്ണിന്റെ ക്ഷാമവും നിർമ്മാണച്ചെലവിന് ആനുപാതികമായി വിലയില്ലാത്തതും മൂലം പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്. മുമ്പ് പ്രദേശത്ത് നൂറിലധിക കുടംബങ്ങളാണ് മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇന്ന് പേരിന് മാത്രമായി അവശേഷിക്കുന്നു.
വേളാർ സമുദായത്തിൽപ്പെട്ടവരാണ് കൂടുതലായും കളിമണ്ണുകൊണ്ടുള്ള മൺമാത്ര നിർമ്മാണം നടത്തിയിരുന്നത്. ജില്ലയിൽ ആറ്റിങ്ങൽ, കൊടുവഴന്നൂർ നെടുമങ്ങാട്, ചിറയിൻകീഴ്, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങളാണ് മുമ്പ് മൺപാത്ര നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നത്. ഇന്നത് വിരലിലെണ്ണാവുന്നവർ മാത്രമായി. പാടശേഖരങ്ങളിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണം വന്നതോടെ തമിഴ്‌നാട്ടിൽ നിന്നും മറ്റും അരച്ചെടുത്ത കളിമണ്ണ് എത്തിക്കുകയാണ്. ഇതിന് ലോഡിന് 15,000 രൂപയാണ് വില.
കരകൗശല വസ്തുക്കൾ നിർമ്മിച്ച് പലരും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മുന്നോട്ടുപോകാൻ സാധിക്കാത്ത സ്ഥിതിയാണ്.
മൺപാത്ര വ്യവസായത്തിന് സർക്കാരിൽ നിന്നും സഹായമൊന്നും ലഭിക്കുന്നില്ല.
ആനുകൂല്യങ്ങളും ഇല്ല
കളിമൺപാത്ര നിർമ്മാണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പണമില്ലാത്ത തൊഴിലാളികൾ വിറക് കത്തിച്ച് മൺമാത്രങ്ങൾ ചൂടാക്കിയെടുക്കും.
മണ്ണിന്റെ ദൗർലഭ്യവും പാത്രങ്ങൾ ചുട്ടെടുക്കാനുള്ള വിറകിന്റെ വില കൂടിയതും മൺപാത്ര നിർമ്മാണത്തെ നഷ്ടത്തിലാക്കി. ജോലിക്കനുസരിച്ച് കൂലിയോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പല കുടുംബങ്ങളും തൊഴിൽ ഉപേക്ഷിച്ചു. ഒരു സംസ്‌കാരത്തിന്റെ പ്രതീകമായി നിലകൊണ്ടിരുന്ന മൺപാത്ര നിർമ്മാണമാണ് അധികൃതരുടെ അവഗണനമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.