തിരുവനന്തപുരം: മഴ വില്ലനായില്ലെങ്കിൽ പേട്ട കണ്ണമ്മൂല റോഡിലെ സിവറേജ് പൈപ്പ് ലൈൻ മാറ്റുന്ന ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് അധികൃതർ. കാലപ്പഴക്കം മൂലം പൊട്ടിയ സ്വീവേജ് പൈപ്പ് മാറ്റുന്ന ജോലികളാണ് നടന്നുവരുന്നത്. ഈ മാസം ആദ്യം പണികൾ ആരംഭിച്ചെങ്കിലും മഴയെ തുടർന്ന് താത്കാലികമായി നിറുത്തുകയായിരുന്നു. റോഡിന്റെ മദ്ധ്യത്തിൽ കുഴികളെടുത്താണ് ജോലികൾ ചെയ്തിരുന്നത്. അതിനാൽ ഗതാഗതവും നിരോധിച്ചിരുന്നു. റോഡ് കുഴിക്കുമ്പോൾ മണ്ണും വെള്ളവും ഒലിച്ചെത്തുന്നത് ജോലികൾക്ക് തടസമാകുക കൂടി ചെയ്തതോടെ ജോലികൾ തുടരാനാവാതെ വന്നു. ഇതോടെ കുഴി മൂടി ഗതാഗതം പുനഃസ്ഥാപിച്ചു. മഴ മാറിയതിനാലാണ് ഇപ്പോൾ പണി പുനഃരാരംഭിച്ചത്.
60 മീറ്റർ ദൂരത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്.മുമ്പ് ഇതേസ്ഥലത്ത് പൈപ്പ് പൊട്ടിയിരുന്നു. അഞ്ച് ദിവസമെടുത്താണ് അന്ന് പണി പൂർത്തിയാക്കിയത്. ഇപ്പോഴത്തെ ജോലികൾ മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിർമ്മാണത്തിന് ആവശ്യമായ പൈപ്പുകൾ എല്ലാം എത്തിച്ചിട്ടുണ്ട്. ജനത്തിരക്കുള്ള റോഡായതിനാൽ വേഗത്തിൽ പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പണി തീരുന്നതുവരെയാണ് ഗതാഗത നിയന്ത്രണം.