തിരുവനന്തപുരം: നഗരത്തിലെ മാലിന്യ സംസ്‌കരണം താളം തെറ്രുമ്പോഴും നടപടിയെടുക്കാതെ നഗരസഭയ്ക്ക് മൗനവ്രതം. മാലിന്യം കൃത്യമായി സംസ്‌കരിക്കാൻ കഴിയാത്തതാണ് പ്രശ്നത്തിന് കാരണം.നിലവിൽ നഗരത്തിലെവിടെയും മാലിന്യം കുന്നുകൂടുകയാണ്.ഉറവിട മാലിന്യ സംസ്‌കരണത്തിനായി നഗരസഭ ഏർപ്പെടുത്തിയ കിച്ചൺ ബിൻ പദ്ധതി നിലച്ചതും പൊതുനിരത്തിൽ മാലിന്യം കുന്നുകൂടുന്നതിന് കാരണമായിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ഉന്നതന്മാരുമായിട്ടുള്ള ചേർച്ചക്കുറവും പ്രശ്നപരിഹാരത്തിന് തടസമായുണ്ട്.
നഗരത്തിൽ ഒരു ദിവസമുണ്ടാകുന്ന 500 ടൺ മാലിന്യത്തിൽ 200 ടൺ മാലിന്യം കൃത്യമായി സംസ്കരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. 100 ടൺ മാലിന്യം ദിനംപ്രതി ഒരുതരത്തിലുള്ള സംസ്കരണവും നടത്താതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.കേരള ഖരമാലിന്യ സംസ്കരണത്തിന്റെ ലോക ബാങ്ക് സഹായം, കേന്ദ്ര സംസ്ഥാന വിഹിതം ഉൾപ്പെടെ 114.2 കോടി രൂപയുടെ ഫണ്ടുണ്ട്. എന്നാൽ നിലവിൽ ഇതുവരെ ഒരു പദ്ധതി ആവിഷ്കരിച്ച് ആ ഫണ്ട് ഉപയോഗപ്പെടുത്താൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
ഇവിടയുണ്ട് എല്ലാം
മെഡിക്കൽ കോളേജ്,പാളയം,മാർക്കറ്റ്,ചാല,പ്ലാമൂട്,പനമുക്ക് റോഡ്,പ്ലാമൂട് പി.എം.ജി,വഞ്ചിയൂർ കോടതിക്ക് സമീപം,പുത്തരിക്കണ്ടം മൈതാനം,ജഗതി മൈതാനം,തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരം,ഒരുവാതിൽകോട്ട,ഉള്ളൂർ,മെഡിക്കൽ കോളേജ്,മുട്ടത്തറ,പി.ടി.പി നഗർ,മുടവൻമുഗൾ എന്നിവിടങ്ങളിൽ മാലിന്യക്കൂനയുണ്ട്. ചാക്കിൽ കെട്ടിയും കവറിൽ കെട്ടിയും പലരും മാലിന്യം തള്ളുന്നുണ്ട്. ഇതിൽ പാളയം ചാല മാർക്കറ്റുകളുടെ സ്ഥിതി വളരെ ഗുരുതരമാണ്.
ജലാശയങ്ങളിലും മാലിന്യമൊഴുക്ക്
നഗരത്തിലെ പ്രധാന ജലാശയങ്ങളിലും മാലിന്യമൊഴുക്കാണ്. കിള്ളിയാർ,കരമനയാർ,ആമയിഴഞ്ചാൻ തോട്,ഉള്ളൂർ തോട് എന്നിവിടങ്ങളിൽ അറവുമാലിന്യമടക്കം തള്ളുന്നത് പതിവാണ്.
പെരുകുന്നു രോഗങ്ങളും
കാലവർഷം എത്തിയപ്പോൾ മാലിന്യത്തിൽ നിന്നുള്ള വെള്ളമൊഴുകി വീടുകളിലും നദികളിലുമെത്തി.ഇത് പകർച്ചവ്യാധികൾ പെരുകുന്നതിന് കാരണമാകുന്നുണ്ട്.ഇതുകൂടാതെ മലിനജലം കെട്ടിക്കിടന്ന് കൊതുകും പെരുകുന്നുണ്ട്. ഡെങ്കിപ്പനി,ചിക്കുൻഗുനിയ,എലിപ്പനി പോലുള്ള രോഗങ്ങൾ ഇതുകാരണം കൂടുന്നുണ്ട്.
സ്വകാര്യ ഏജൻസികൾക്കാണ് ഇപ്പോൾ ഭൂരിഭാഗം വീട്ടുകാരും മാലിന്യം നൽകുന്നത്.പ്ളാസ്റ്റിക്ക് പോലുള്ള ഡ്രൈ മാലിന്യം ഹരിതകർമ്മസേന വഴിയുമാണ് ശേഖരിക്കുന്നത്.എല്ലാ വാർഡുകളിലും 500 കിച്ചൺ ബിന്നുകൾ സ്ഥാപിക്കുമെന്ന് മേയർ പ്രഖ്യാപിച്ചിട്ട് അനക്കമില്ല.എല്ലാ ആഴ്ചയും നഗരസഭാതല ശുചിത്വ പരിപാലന സമിതി കൂടാനും നിലവിൽ പ്രവർത്തിക്കാത്ത എയ്റോബിക് ബിന്നുകൾ പ്രവർത്തനക്ഷമമാക്കാനും അന്ന് തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല.