തിരുവനന്തപുരം: അതിരൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെ ആനടി ജംഗ്ഷൻ.രാവിലെയോ വൈകിട്ടോ ഇതുവഴി വന്നാൽ പെട്ടതുതന്നെ.അത്രമാത്രം ഗതാഗതക്കുരുക്കാണ് ഇവിടെ.മണിക്കൂറുകൾ കാത്തുകിടന്നാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. ആനടി ജംഗ്ഷനിലെ യൂടേൺ പോലുള്ള വളവാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. ലാ കോളേജ് ജംഗ്ഷനിൽ നിന്നും മരപ്പാലം ജംഗ്ഷനിൽ നിന്നും വാഹനങ്ങൾ ആനടി ജംഗ്ഷനിലെത്തും.
ഇരുവശത്ത് നിന്നുമുള്ള വാഹനങ്ങൾ ആനടി ജംഗ്ഷനിലെ ഈ വളവിൽ വന്ന് കയറും.രണ്ട് വാഹനങ്ങൾക്ക് വളഞ്ഞ് പോകാനുള്ള വീതിക്കുറവ് കാരണം ഇവിടെ വാഹനങ്ങൾ പെട്ടുപോകും. പിറകെ തുരുതുരയായി വാഹനങ്ങൾ വരുന്നത് കാരണം പിറകോട്ട് എടുക്കാനും സാധിക്കില്ല.തുടർന്ന് ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകും.
ആംബുലൻസിന് എളുപ്പ വഴി, എന്നാൽ
പി.എം.ജിയിൽ നിന്ന് ട്രാഫിക്കും ബ്ളോക്കുമില്ലാതെ ആംബുലൻസുകൾക്ക് എളുപ്പത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താൻ ഇതുവഴി പോകാം. പി.എം.ജിയിൽ നിന്ന് തിരിഞ്ഞാൽ തേക്കുംമൂട് വഴി കോസ്മോ ജംഗ്ഷനിൽ എത്തിച്ചേരാം. എന്നാൽ ആനടിയിലെ ഈ ഗതാഗതക്കുരുക്ക് കാരണം ഇതുവഴി പോകാൻ കഴിയാത്ത സാഹചര്യമാണ്.കഴിഞ്ഞ ദിവസം അത്യാസന്ന നിലയിലായ ഒരു രോഗിയെയും കൊണ്ടുപോയ ആംബുലൻസ് ഇവിടെത്തെ ഗതാഗതക്കുരുക്കിൽപ്പെട്ട് കുറെ മണിക്കൂർ കിടക്കേണ്ടി വന്നു.
ആരുമില്ല നിയന്ത്രിക്കാൻ
പ്രധാന ഇടറോഡുകളിലൊന്നായ ഇവിടെ ഗതാഗതനിയന്ത്രിക്കാൻ ആരുമില്ല.ട്രാഫിക്ക് വാർഡനോ ട്രാഫിക്ക് പൊലീസോ ഇവിടെയില്ല.ഇവരെ നിയമിച്ചാൽ ഇത് കൂടാതെ രാവിലെയും വൈകിട്ടും ഒരു വശത്ത് കൂടി മാത്രം തിരിഞ്ഞു കയറുന്നതാക്കിയാലും ഒരു പരിധി വരെ ഗാതഗതക്കുരുക്ക് ഒഴിവാക്കാനാകും.