ഡോക്ടർക്ക് കൈപ്പുണ്യം മാത്രം പോര ... ഹൃദയവുമുണ്ടാകണം എന്നും , സമൂഹത്തോട് ഉത്തരവാദിത്വം കാട്ടണമെന്നും പ്രശസ്ത സർജനായിരുന്ന ഡോ..പി.കെ.ആർ.വാര്യർ ഒരിക്കൽ പറഞ്ഞു .ഹൃദയമുണ്ടാകണമെന്നു പറഞ്ഞതിന്റെ പൊരുൾ ദീനാനുകമ്പയുള്ളവനാകണമെന്ന അർത്ഥത്തിലാണ് . ഈ സവിശേഷതകളെല്ലാം ഒത്തു ചേർന്ന , വാക്കിലും പ്രവൃത്തിയിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ അത് ജീവിതത്തിലുടനീളം പ്രാവർത്തികമാക്കുകയും ചെയ്തു കഴിഞ്ഞ ദിവസം അന്തരിച്ച ഡോ.എൻ.കെ.സനിൽകുമാർ . പ്രഗത്ഭനായ യൂറോ സർജനായിരുന്നു.
സ്വജീവിതം സമർപ്പിത സേവനമായി കണ്ട ഡോ.സനിലിന്റെ ജീവൻ അശരണർക്കും നിരാലംബർക്കും മാത്രമല്ല സമൂഹത്തിനൊട്ടാകെ ഇനിയും എത്രയോ കാലംപ്രയോജനപ്പെടേണ്ടതായിരുന്നു.മരണത്തിനു പറ്റിയ ഒരു കൈപ്പിഴയായേ അറുപത്തിയൊന്നാം വയസിലെ ഈ വേർപാടിനെ കാണാൻ കഴിയുകയുള്ളു. ജന്മനാടായ പത്തനംതിട്ടയിൽ പോയി തിരികെ തൃപ്പൂണിത്തുറയിലെ താമസസ്ഥലത്തെത്തിയപ്പോഴാണ് മരണം കടുത്ത ഹൃദയാഘാതത്തിലൂടെ ആ ജീവൻ കവർന്നത്. നഷ്‌ടം കുടുംബത്തിനു മാത്രമല്ല നാടിനു കൂടിയാണ്.പൊതുപ്രവർത്തകനായി ഒരു ഡോക്ടർക്ക് എങ്ങനെ മാറാം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഡോ.സനിൽ.
ആരോഗ്യ ചികിത്സാ മേഖലയിൽ നിന്നുള്ള പ്രലോഭനങ്ങൾക്കു വഴങ്ങി സമ്പന്നതയുടെ കൊടുമുടികൾ കയറാമായിരുന്നു. പക്ഷേ സനിൽകുമാറിന്റെ ഹൃദയം തുടിച്ചത് പാവങ്ങൾക്കു നിശ്ചയമായും ലഭിക്കേണ്ട ആതുരസേവനങ്ങൾ ശക്‌തമാക്കാൻ വേണ്ടിയായിരുന്നു. കൊച്ചി ക്യാൻസർ സെന്റർ, കളമശ്ശേരി മെഡിക്കൽ കോളേജ് അടക്കം ആതുരാലയങ്ങളിലെ അപര്യാപ്‌തതകൾക്കെതിരെ നിരന്തരം പോരാടി. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർക്കും എം.കെ. സാനുമാഷിനും പ്രിയങ്കരനായിരുന്നു. കൃഷ്‌ണയ്യർ മൂവ്‌മെന്റ് എന്ന പേരിൽ പൊതുജന കൂട്ടായ്‌മ രൂപീകരിച്ച് ക്യാൻസർ സെന്ററിനുവേണ്ടി നിരന്തരം പരശ്രമിച്ചു .ഇന്ന് കാണുന്ന വിധം ക്യാൻസർ സെന്റർ കൊച്ചിയിൽ ഉയർന്നതിൽ വലിയൊരു പങ്ക് സനിലിന് അവകാശപ്പെടാം. 'ക്യാൻസർ സെന്റർ 4 കൊച്ചി " എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു . കഴിഞ്ഞ ചൊവ്വാഴ്‌ചയും അതിൽ മെസ്സേജ് ഉണ്ടായിരുന്നു. ''കൊച്ചി ക്യാൻസർ സെന്ററിന്റെ പുതിയ ബിൽഡിംഗ് സെപ്റ്റംബറിലും കളമശേരി മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബറിലും ഉദ്ഘാടനം ചെയ്യുമെന്ന് എം.ഡി. ഇളങ്കോവൻ പറഞ്ഞതിനെക്കുറിച്ചുള്ള സന്തോഷ വാർത്തയായിരുന്നു അത്.
അച്ഛനും അമ്മയും ക്യാൻസർ വന്നു മരിച്ചതിനാൽ ക്യാൻസർ രോഗികൾക്ക് നല്ല ചികിത്സ കിട്ടണമെന്ന് സനിൽ ഡോക്‌ടർക്ക് നിർബന്ധം ഉണ്ടായിരുന്നു. ക്യാൻസർ തനിക്കും വന്നേക്കുമെന്ന ഉത്ക്കണ്ഠയുമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും ജനറൽ സർജറിയിൽ എം.എസും കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നിന്നടക്കം യൂറോളജിയിൽ ഉയർന്ന ബിരുദങ്ങളും നേടിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പിജിക്കു പഠിക്കുമ്പോൾ മുതൽ സനിലിനെഅറിയാം. നാട്ടുകാരൻ കൂടിയായതിനാൽ കൂടുതൽ അടുപ്പമായി. അനീതി എവിടെ കണ്ടാലും എതിർക്കുക സനിലിന്റെ സ്വഭാവരീതിയായിരുന്നു.അത്തരം പല വാർത്തകളുടെയും സ്രോതസ്സായിരുന്നു.നീതി നടപ്പിലാക്കുന്നതുവരെ ആ പോരാട്ടം
തുടരുമായിരുന്നു.കേരളകൗമുദിയുടെ പതിവു വായനക്കാരനും അഭ്യുദയകാംക്ഷിയുമായിരുന്നു. കോഴിക്കോട് ആശുപത്രി ഐ.സി.യുവിൽ രോഗിയായ സ്ത്രീ പീഡിപ്പിക്കപ്പെട്ടപ്പോൾ കേരളകൗമുദി എഡിറ്റോറിയൽഉദ്ധരിച്ച് സനിൽ ഇങ്ങനെ എഴുതി.' ക്ഷേത്രത്തിലെ ശ്രീകോവിൽ പോലെ പവിത്രമാണ് ആശുപത്രിയിലെ ഐ.സി.യു എന്ന തീവ്ര പരിചരണ വിഭാഗം.ജീവൻ രക്ഷിക്കാനായി കൈയ്യും മെയ്യും മറന്ന് പ്രവർത്തിക്കുന്ന ജീവനക്കാർ . അവിടെ ഒരു സ്ത്രീ രോഗി പീഡിപ്പിക്കപ്പെട്ടത് കേട്ടു തലകുനിക്കാൻ മാത്രമെ കഴിയുന്നുള്ളു.'
ഒരുപാട് കാര്യങ്ങൾ ചെയ്‌തുതീർക്കാൻ ഇനിയും ബാക്കിയുണ്ടെന്ന്
ഡോ. സനിൽ പറയുമായിരുന്നു. വിശ്രമരഹിതമായ ഈ ഓട്ടത്തിന് അല്‌പം ഇടവേള വേണ്ടേയെന്ന എന്റെ ചോദ്യത്തിനായിരുന്നു ചിരിച്ചുകൊണ്ടുള്ള ഈ മറുപടി.
വലിയ ഉത്തരവാദിത്വങ്ങൾ ഇനിയും നിറവേറ്റാനുണ്ടെന്ന ചിന്ത സനിലിനെ എപ്പോഴും സജീവമാക്കി. സനിലിന്റെ സ്‌നേഹം, കരുതൽ എന്നിവ ഒരിക്കൽ പരിചയപ്പെടുന്നവർ പോലും അനുഭവിച്ചിട്ടുണ്ടാകും. പാവപ്പെട്ട രോഗികൾക്ക് കൈയിൽ നിന്ന് പണമെടുത്ത് നൽകുമായിരുന്നു.
ഭാര്യ ഡോ. അഖിലയും ആർക്കിടെക്‌ടായ മകൻ സാനന്ദുമടങ്ങുന്ന സ്‌നേഹസമ്പൂർണ്ണമായ കുടുംബം. തന്റെ ഏറ്റവും വലിയ സമ്പാദ്യം ഭാര്യയും മകനുമാണെന്ന് എപ്പോഴും പറഞ്ഞിരുന്നു. സനിൽ ഡോക്ടർ രൂപീകരിച്ച വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങൾ നിറയുന്നു. അവിശ്വസനീയമായ മരണം. ഇത്രയും വേഗം ആ വേർപാട് ആരും പ്രതീക്ഷിച്ചില്ല.
വിടപറയാനാകുന്നില്ല...കണ്ണീർപ്രണാമം പ്രിയപ്പെട്ട ഡോ.സനിൽകുമാർ.