ചിറയിൻകീഴ്: ഏറെ യാത്രക്കാർ ആശ്രയിക്കുന്ന ഗണപതിയാംകോവിൽ- അഴൂർ കടവ് പാലം - പെരുമാതുറ റോഡിന്റെ ശോചനീയാവസ്ഥയും അഴൂർ കടവ് പാലത്തിൽ ടാർ ഇളകി കുഴികൾ രൂപപ്പെട്ടതും യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാതയാണിത്. ചിറയിൻകീഴ് താലൂക്കിൽ തീരദേശ മേഖലയേയും ദേശീയ പാതയേയും തമ്മിൽ ബന്ധിക്കുന്ന പ്രധാന പാതയാണിത്. വർഷങ്ങളായുള്ള തീരദേശ വാസികളുടെ കാത്തിരിപ്പിന് ഒടുവിലാണ് 2009ൽ പാലം യാഥാർത്ഥ്യമാകുന്നത്. ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറ മേഖലയും അഴൂർ മേഖലയും പാലം വന്നതിലൂടെ ഒന്നിപ്പിക്കുവാൻ കഴിഞ്ഞു. മാത്രവുമല്ല ഇരുമേഖലകളിലും എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണമെന്ന അവസ്ഥയിലും മാറ്റമുണ്ടായി.
പൊല്ലാപ്പായി കുഴികൾ
ഇതിനുമുമ്പും പാലത്തിൽ സമാനമായ രീതിയിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നിരവധി യാത്രക്കാർക്ക് അത്തരം കുഴികൾ പൊല്ലാപ്പും സൃഷ്ടിച്ചിട്ടുണ്ട്. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരം അഭ്യർത്ഥനകൾക്കും പരാതികൾക്കും നിവേദനങ്ങൾക്കും ഒടുവിലാണ് അവയിൽ പലതിനും പരിഹാരമായത്. ഇപ്പോഴത്തെ ഈ അവസ്ഥയും കാലതാമസം ഉണ്ടാകാതെ അടിയന്തര പ്രാധാന്യം നൽകി ഉടൻ പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
അപകടങ്ങളും
ചിറയിൻകീഴ് മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിലെ തിരക്ക് ഒഴിവാക്കി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുവാനുള്ള തിരക്ക് കുറഞ്ഞ വഴി കൂടിയാണിത്. ചിറയിൻകീഴ് - മുരുക്കുംപുഴ റോഡിൽ ഗണപതിയാം കോവിലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെരുമാതുറ എത്തുന്നതിനിടയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ഗണപതിയാം കോവിൽ - പെരുമാതുറ റോഡും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡിൽ പലയിടത്തും ടാർ ഇളകി മാറി കുഴികൾ രൂപപ്പെട്ടിട്ട് നാളുകളായി. കുഴികളിൽ വീണ് പരിക്കേൽക്കുന്ന ബൈക്ക് യാത്രക്കാരും കുറവല്ല.
യാത്ര ദുഃസഹം
അഴൂർ റെയിൽവേ ഗേറ്റ് എളുപ്പം കടക്കുവാൻ റോഡിന്റെ ശോചനീയാവസ്ഥ വാഹനയാത്രക്കാർക്ക് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. ഇതുകൂടാതെ പാലത്തിനെയും അപ്രോച്ച് റോഡിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തും പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ ആരോപിക്കുന്നു. അഴൂർ - പെരുമാതുറ റോഡിൽ ചിലയിടങ്ങളിൽ തെരുവുവിളക്കുകൾ കത്താത്തതും ഇതുവഴിയുള്ള യാത്ര ദുഃസഹമാക്കുന്നു.