സംഗതി നിസ്സാരമെന്നു തോന്നാമെങ്കിലും റേഷൻ മണ്ണെണ്ണ വിതരണത്തിൽ സിവിൽ സപ്ളൈസ് വരുത്താൻ പോകുന്ന നിയന്ത്രണം ഒട്ടുമിക്ക വീട്ടുകാർക്കും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്. കുറെക്കാലമായി റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം പേരിനു മാത്രമാണ് നടന്നുവരുന്നത്. മാസം തോറും ഒരു ലിറ്റർ ഉണ്ടായിരുന്നത് അര ലിറ്ററായി കുറച്ചു. പിന്നീട് അത് മൂന്നുമാസത്തിൽ അരലിറ്റർ എന്ന തോതിലാക്കി. റേഷൻ മണ്ണെണ്ണ വിഹിതം കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചതിനെത്തുടർന്നാണ് സംസ്ഥാനത്തും നിയന്ത്രണങ്ങൾ വേണ്ടിവന്നതെന്നാണ് വിശദീകരണം. പൊതുവിപണിയിൽ മണ്ണെണ്ണ വില്പനയില്ലാത്തതിനാൽ സാധാരണക്കാർക്ക് അത്യാവശ്യത്തിനുപോലും ഒന്നോ രണ്ടോ ലിറ്റർ മണ്ണെണ്ണ ലഭിക്കാനുള്ള സാഹചര്യവുമില്ല. റേഷൻകടകളിൽ നിന്ന് ഇടയ്ക്കും മുറയ്ക്കും ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണയാണ് വീട്ടുകാർക്ക് കുറച്ചെങ്കിലും ആശ്വാസമായിരുന്നത്. കൊതുക് ഉൾപ്പെടെയുള്ള കീടങ്ങളെ അകറ്റാനും പാഴ്വസ്തുക്കൾ കത്തിക്കാനും മറ്റും മണ്ണെണ്ണ അത്യാവശ്യമാണ്. മുൻപിൻ നോക്കാതെ കേന്ദ്രം സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കുറച്ചത് അക്ഷരാർത്ഥത്തിൽ വലിയ ചതിയായിപ്പോയി. പെട്രോളിയം ഉത്പന്നങ്ങൾ സുലഭമായി ലഭ്യമാണ്. മണ്ണെണ്ണയുടെ കാര്യത്തിൽ മാത്രം കടുത്ത നിയന്ത്രണം തുടരുന്നതിനു പിന്നിലെ യുക്തി മനസ്സിലാകുന്നില്ല. കൂടിയ വില ഈടാക്കിയായാലും മണ്ണെണ്ണ ലഭ്യത സുഗമമാക്കാനുള്ള നടപടിയാണ് വേണ്ടത്. സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന കേന്ദ്രവും സംസ്ഥാനവും മണ്ണെണ്ണ വിതരണത്തിൽ ഇന്നു നേരിടുന്ന കടുത്ത നിയന്ത്രണങ്ങൾ ജനങ്ങൾക്ക് എത്രമാത്രം പ്രയാസമുണ്ടാക്കുന്നുവെന്ന് ആലോചിക്കണം. സുഗമമായി നടന്നുകൊണ്ടിരുന്ന മണ്ണെണ്ണ വിതരണത്തിൽ പൊടുന്നനെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ കരിഞ്ചന്തയ്ക്കും അനഭിലഷണീയമായ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന കാര്യം വിസ്മരിക്കരുത്.
ഏറ്റവും ഒടുവിലായി സബ്സിഡി വിലയ്ക്കുള്ള മണ്ണെണ്ണ റേഷൻകടകളിൽ നേരിട്ട് എത്തിക്കുന്ന ദൗത്യത്തിൽ നിന്ന് സിവിൽ സപ്ളൈസ് വകുപ്പ് പിന്മാറാൻ ഒരുങ്ങുകയാണ്. മണ്ണെണ്ണ മൊത്തവ്യാപാരികൾ ഓരോ റേഷൻകടയിലും മണ്ണെണ്ണ എത്തിക്കുകയാണ് ഇപ്പോൾ. എന്നാൽ കേന്ദ്രം മണ്ണെണ്ണ വിതരണത്തിൽ കർക്കശ നിയന്ത്രണം ഏർപ്പെടുത്തിയതോടെ റേഷൻകടകളിലൂടെ മുൻഗണനാ വിഭാഗത്തിനു മാത്രമാണ് ഇപ്പോൾ മണ്ണെണ്ണ നൽകുന്നത്. അതും മൂന്നു മാസത്തിലൊരിക്കൽ അരലിറ്റർ എന്ന ക്രമത്തിലും. അളവ് ഗണ്യമായി കുറഞ്ഞതോടെ ഓരോ റേഷൻകടയിലും മണ്ണെണ്ണ എത്തിക്കുന്നത് നഷ്ടക്കച്ചവടമായിട്ടാണ് മൊത്തവ്യാപാരികൾ കാണുന്നത്. ഒരു പഞ്ചായത്തിലെ ഏതെങ്കിലും രണ്ടു റേഷൻകടകളിൽ മണ്ണെണ്ണ എത്തിക്കാൻ തയ്യാറാണ്. മണ്ണെണ്ണ ആവശ്യമുള്ള കാർഡുടമകൾ ആ കടകളിൽ ചെന്ന് വാങ്ങണം. തങ്ങളുടെ കച്ചവടം കുറയുമെന്നതിനാൽ റേഷൻ കടക്കാരും ഈ നീക്കത്തിനെതിരാണ്. തീരുമാനം നടപ്പാക്കിയാൽ സമരം ചെയ്യുമെന്നാണ് അവരുടെ മുന്നറിയിപ്പ്.
മണ്ണെണ്ണയുടെ കാര്യത്തിൽ ഇങ്ങനെ കടുംപിടി അനാവശ്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണെന്ന് ഭരണാധികാരികൾ മനസ്സിലാക്കണം. പാവപ്പെട്ടവർക്കും പാചകവാതകം സബ്സിഡി നിരക്കിൽ നൽകിയതിലൂടെ മണ്ണെണ്ണയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. കുറഞ്ഞ അളവിലെങ്കിലും റേഷൻകടകളിലൂടെ എല്ലാ കാർഡുകാർക്കും മണ്ണെണ്ണ നൽകാനുള്ള ഏർപ്പാടുണ്ടാകണം. പെട്രോളിയം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി സുരേഷ്ഗോപി കേന്ദ്രത്തിൽ ഉണ്ട്. കേരളത്തിന്റെ ഈ ആവശ്യത്തിൽ അദ്ദേഹത്തിന്റെ സത്വര ഇടപെടൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനം അതിനായി ശ്രമിക്കുകയും വേണം.