വർക്കല: വർക്കലയിലെ ഗവ. ജില്ലാ ആയുർവേദ ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റെയിൽവേ അണ്ടർ പാസേജ് റോഡിന്റെ വശങ്ങളിലെ കൈവരികൾ അപകട ഭീതിയുയർത്തുന്നു. ഉയരമില്ലാത്ത കൈവരികളിൽ കൊച്ചുകുട്ടികൾ ഒന്നെത്തി നോക്കിയാൽ പോലും അപകടം ഉണ്ടായേക്കാവുന്ന അവസ്ഥ.
ശിവഗിരി ഭാഗത്തേയ്ക്കുള്ള റോഡിലെ ഈ പാർശ്വ ഭിത്തിക്ക് ഒന്നര അടി മാത്രമാണ് ഉയരം. ആശുപത്രി ജംഗ്ഷനിലെ റൗണ്ട് എബൗട്ടിൽ നിന്നും ശിവഗിരി ഭാഗത്തേയ്ക്ക് വാഹനങ്ങൾ അതീവ ശ്രദ്ധയോടെവേണം കടന്ന് പോകാൻ. അല്പമൊന്ന് പിശകിയാൽ താഴെവീഴും. റോഡിന് മുകളിൽ നിന്നും 50 അടിയോളം താഴ്ചയിലാണ് അണ്ടർ പാസേജ് റോഡ് കടന്നു പോകുന്നത്. ശിവഗിരി റോഡിൽ അപകടം സംഭവിച്ച് വാഹനം താഴേയ്ക്ക് മറിഞ്ഞാൽ അണ്ടർ പാസ്ജ് റോഡിലൂടെ വരുന്ന വാഹനങ്ങൾ തുടരെ അപകടത്തിൽപ്പെടും. കൈവരിയുടെ ഉയരം കൂട്ടണമെന്ന് ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. നവകേരള സദസിൽ പരാതി സമർപ്പിച്ചിട്ടും നാളിതുവരെ നടപടികളില്ലെന്ന് നാട്ടുകാർ പറയുന്നു. സമീപകാലത്തുനടന്ന അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത്.
കൈവരികൾ ഉയർത്തുകയോ ഇരുമ്പ് നെറ്റുകൾ ഉപയോഗിച്ച് സുരക്ഷാ ഒരുക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപകടം ആവർത്തിക്കാൻ സാദ്ധ്യത
വെൺപാലവട്ടം അപകടത്തിൽ യുവതി മരിച്ചത് 23 അടി താഴ്ചയിലേക്കുള്ള സർവീസ് റോഡിലേക്ക് വീണാണ്. ഇത്തരത്തിൽ അപകടം സംഭവിക്കാൻ ഇവിടെ സാദ്ധ്യത ഏറെയാണ്. കൈവരിക്ക് പൊക്കം കൂട്ടണമെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട പരാതികളിന്മേൽ കൃത്യമായ നടപടികൾ ഉണ്ടായാൽ സംഭവിക്കാനിടയുള്ള വലിയ ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.