
കിളിമാനൂർ: വയ്യാറ്റിൻകരയിലെ പാലം പണി കഴിഞ്ഞു, പക്ഷേ അപ്രോച്ച് റോഡിന്റെ അവസ്ഥ ഇപ്പോഴും പരിതാപകരം തന്നെ. 4.5 കോടി രൂപ ചെലവാക്കി പണിത വയ്യാറ്റിൻകര പാലത്തിന്റെ അപ്രോച്ച് റോഡാണ് ക്വാറി വേസ്റ്റും മെറ്റലും ഇട്ട് നികത്തിയിരിക്കുന്നത്. ഇത് ഇളകി മഴയത്ത് വെള്ളക്കെട്ടായി കാൽനട യാത്രപോലും സാദ്ധ്യമല്ലാത്ത അവസ്ഥയിലാണ്. നിരന്തരമുള്ള രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മർദ്ദത്തിനൊടുവിലാണ് പാലം പണി തീർത്തത്. എന്നാൽ അപ്രോച്ച് റോഡിന്റെ പണി ഇതുവരെ തീർന്നിട്ടില്ല. നിലവാരമില്ലാത്ത ക്വാറി വേസ്റ്റ് ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിർമ്മിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. പരാതികൾ ഒാരോന്നായി തലപൊക്കിയതോടെ പ്രശ്നം പരിഹരിക്കുമെന്ന് എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു.
പാലത്തിന്റെ പണിയുമായി ബന്ധപ്പെട്ട് പാലത്തിന്റെ ഇരു വശങ്ങളിലും മണ്ണ് കൂട്ടിയിട്ടിരുന്നു. പാലം പണി കഴിഞ്ഞിട്ടും ഇത് നീക്കം ചെയ്തിട്ടില്ല. നിലവിൽ റോഡിന്റെ വീതി കുറയുകയും ഈ കൂട്ടിയിട്ടിരിക്കുന്ന മണ്ണിൽ കാട് കയറി ഇഴജന്തുക്കളുടെ താവളമായി മാറുകയും ചെയ്തു. അപ്രോച്ച് റോഡ് ഉൾപ്പെടെ മുഴുവൻ പണിയും കഴിഞ്ഞ ശേഷമേ വലിയ വാഹനങ്ങൾ കടത്തി വിടൂ എന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ പാറയും കയറ്റി ടോറസുകളാണ് ഇതുവഴി ചീറിപ്പായുന്നത്.
പരാതികൾ ഏറെ
പാലം നിർമ്മാണത്തിൽ എസ്റ്റിമേറ്റ് തുകയേക്കാൾ കോൺട്രാക്ടർക്ക് ചെലവായതുകൊണ്ടാണ് അപ്രോച്ച് റോഡിന്റെ പണി നീളുന്നതെന്നാണ് അക്ഷേപം. എന്നാൽ മഴ ആയതിനാലാണ് പണി നടക്കാത്തതെന്നും ഇരു വശത്തുമായി ഇരുന്നൂറ് മീറ്റർ അപ്രോച്ച് റോഡ് പണി ഉടൻ ആരംഭിക്കുമെന്നും ഈ പാലം ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ റോഡിന് ടാറിംഗ് ടെൻഡർ നടപടികൾ ആയിട്ടുണ്ടെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.