boat-accident

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ ഇന്നലെ രണ്ട് വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരുന്ന ലൈഫ് ഗാർഡുകളടക്കം നാലുപേർക്ക് പരിക്കേറ്റു. ആദ്യമുണ്ടായ അപകടത്തിൽ പെട്ടവരെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാർഡുമാരായ താഴംപള്ളി സ്വദേശി വിൽബൻ (40), അ‌ഞ്ചുതെങ്ങ് സ്വദേശി ഷിബു (32) എന്നിവർക്കും പിന്നീടുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ ജോസ്, റോയി എന്നിവർക്കുമാണ് പരിക്കേറ്റത്. നാലുപേരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുതുക്കുറിച്ചി സ്വദേശി ഷിജുവിന്റെ ഉടമസ്ഥതയിലുള്ള ഇല്ലാഹി എന്ന വള്ളമാണ് ഇന്നലെ രാവിലെ 9.30ന് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽ വള്ളം പുലിമുട്ടിലിടിക്കുകയായിരുന്നു. കടലിൽ വീണ പുതുക്കുറിച്ചി സ്വദേശികളായ സക്കീർ, ഹുസൈൻ, മാഹീൻ, തമിഴ്നാട് സ്വദേശികളായ പ്രവീൺ, വിക്കി എന്നിവരെ ലൈഫ് ഗാർഡുകൾ പരിക്കില്ലാതെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട വള്ളം രക്ഷാബോട്ടിൽ കെട്ടിവലിച്ച് കരയ്ക്കെത്തിക്കുന്നതിനിടെ വള്ളത്തിന്റെ അണിയം (കുറ്റി) പൊട്ടുകയും ശക്തമായി ഇടിക്കുകയും ചെയ്തതിനെ തുടർന്ന് വിൽബന്റെ കൈകൾ ഒടിഞ്ഞു. അപകടത്തിൽപ്പെട്ടവർക്ക് ലൈഫ് ബോയ് എടുത്തുനൽകുന്നതിനിടെ കാൽവഴുതി വീണാണ് ഷിബുവിന് പരിക്കേറ്റത്. മറ്റൊരു വലിയ വള്ളം എത്തിച്ച് അപകടത്തിൽപ്പെട്ട വള്ളം കരയ്‌ക്കടുപ്പിച്ചു.

ഉച്ചയ്ക്ക് 12 മണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്. പൂത്തുറ സ്വദേശിയായ റോബിന്റെ ഉടമസ്ഥതയിലുള്ള അത്യുന്നതൻ എന്ന വള്ളം ശക്തമായ തിരയിൽ തലകീഴായി മറിയുകയായിരുന്നു. വള്ളം പൂർണമായി തകർന്നു. മുതലപ്പൊഴിയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ആറാമത്തെ അപകടമാണിത്.