നെടുമങ്ങാട് : ഓട്ടം വിളിച്ചു ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ഡ്രൈവറെ വെട്ടിപ്പരിക്കേല്പിക്കുകയും ഒാട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്ത രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കല്ലിംഗൽ സ്റ്റാൻഡിലെ ഡ്രൈവർ കരിപ്പൂര് ഖാദിബോർഡിന് സമീപം ശങ്കര വിലാസത്തിൽ എ.ശിവകുമാറിനെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.രാവിലെ 10.30 -ഓടെ കണ്ടാലറിയാവുന്ന രണ്ടു പേർ കോട്ടൂർ പോകാനാണ് ഓട്ടം വിളിച്ചത്. കല്ലിംഗൽ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിൽ വണ്ടി നിറുത്തിച്ച് ഗൂഗിൾപേ ഉണ്ടോയെന്ന് ചോദിച്ചു.ഇല്ലെന്നു പറഞ്ഞപ്പോൾ, കോട്ടൂർ ചെന്നിട്ട് തിരികെ തരാമെന്നു പറഞ്ഞ് ഡ്രൈവറിൽ നിന്ന് പൈസ കടം വാങ്ങി മദ്യം വാങ്ങിച്ചു. കോട്ടൂരിൽ എത്തിയപ്പോൾ കാട്ടാക്കട പോകാനായി ആവശ്യം. കുറ്റിച്ചലിൽ നിന്ന് ഇടറോഡിൽ നാല് കി.മീറ്ററോളം മാറി റബർ തോട്ടത്തിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബലം പ്രയോഗിച്ച് ഓട്ടോയിൽ നിന്ന് പുറത്തിറക്കി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു.തടയാൻ ശ്രമിച്ചപ്പോൾ വലത് കൈയ്ക്ക് വെട്ടേറ്റു. കൂടെയുണ്ടായിരുന്ന ആളുടെ പക്കലും വെട്ടുകത്തിയുണ്ടായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുതുകിലും വെട്ടി.വണ്ടിയുടെ ചില്ലും അടിച്ചു പൊട്ടിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ വഴിയാത്രക്കാരാണ് രക്ഷിച്ചത്. തന്നെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് ശിവകുമാർ മൊഴി നൽകി. കാട്ടാക്കട,നെടുമങ്ങാട് പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലർ കസ്റ്റഡിയിലുണ്ട്.