വിതുര: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസമേഖലകളിൽ കാട്ടാനകൾ ഇറങ്ങി ഭീതിയും നാശവും പരത്തുകയാണ്. കല്ലാർ ജംഗ്ഷനിൽ വരെ കാട്ടാനകൾ എത്തുന്നുണ്ട്. കഴിഞ്ഞദിവസം രാത്രിയിൽ കല്ലാർ ഗവ. എൽ.പി.എസിന് സമീപം അങ്കണവാടി അദ്ധ്യാപിക ഗിരിജയുടെ വിളയിലിറങ്ങിയ കാട്ടാനകൾ കവുങ്ങും, വാഴയും നശിപ്പിച്ചു. പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ട്. ചുറ്റും സ്ഥാപിച്ചിരുന്ന കമ്പിവേലി തകർത്താണ് ആനകൾ നാശനഷ്ടം വിതച്ചത്. സമീപത്തെ പുരയിടങ്ങളിലെ വിളകളും നശിപ്പിച്ചു.
നേരത്തേ മുൻ സി.പി.എം കല്ലാർ ബ്രാഞ്ച് സെക്രട്ടറി മംഗലകരിക്കകം മോഹനന്റെ വിളയിലെ തെങ്ങുകളും, കവുങ്ങുകളും കാട്ടാനകൾ നശിപ്പിച്ചിരുന്നു. ജനവാസമേഖലകളിൽ കാട്ടാനകൾ എത്തിയതോടെ രാത്രിയിലും പുറത്തിറങ്ങുവാൻ കഴിയാത്ത അവസ്ഥയാണ്.
.
ആദിവാസിമേഖലകളിലും
കല്ലാർ വാർഡിലെ ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടാനകൾ കൃഷികൾ നശിപ്പിക്കുകയാണ്. കാട്ടുമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിട്ടുണ്ട്. മന്ത്രിമാർക്ക് ഉൾപ്പടെ നിവേദനങ്ങൾ നൽകിയിട്ടുംനടപടിയുണ്ടായില്ല.
പുലിയും,കരടിയും, കാട്ടുപോത്തും
കല്ലാർ മേഖലയിൽ പുലിയുടേയും, കരടിയുടേയും, കാട്ടുപോത്തിന്റെയും ശല്യം രൂക്ഷമാണ്. നേരത്തെ കല്ലാർ, ആറാനക്കുഴി എന്നിവിടങ്ങളിലായി മൂന്ന് പേർ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടിട്ടുണ്ട്. കാട്ടുപോത്ത് ഒരാളെ കൊന്നിട്ടുണ്ട്. ഇടക്കിടക്കെത്തുന്ന പുലി വളർത്തുമൃഗങ്ങളേയാണ് കൊന്നൊടുക്കുന്നത്. കല്ലാറിന് സമീപം പൊൻമുടി റൂട്ടിൽ പകലും റോഡരികിൽ കാട്ടാനകൾ നിലയുറപ്പിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ആക്രമിക്കുവാൻ ശ്രമിച്ച സംഭവവുമുണ്ട്. പ്രദേശത്ത് വൈദ്യുതിവേലിയും, ആനക്കിടങ്ങും സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കടലാസിലുറങ്ങുകയാണ്.
കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലങ്ങൾ
കല്ലാർ, മംഗലകരിക്കകം,ആറാനക്കുഴി,മൊട്ടമൂട്,കൊമ്പ്രാംകല്ല്,അല്ലത്താര,ചണ്ണനിരവട്ടം,ചാമക്കര, ഗോൾഡൻവാലി,ഇരുപത്തിയാറാംകല്ല്,ആനപ്പാറ.
കല്ലാർ മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
കല്ലാർ എക്സ് സർവീസ്മെൻസ് റസിഡന്റ്സ്
അസോസിയേഷൻ ഭാരവാഹികൾ.