photo

നെടുമങ്ങാട് : ഓല മെടഞ്ഞും വല്ലമുണ്ടാക്കിയും പുതുതലമുറയ്ക്ക് ആവേശമായി ആദ്യകാല കർഷക തൊഴിലാളികൾ. കാർഷിക സംസ്കാരത്തിന്റെ സ്മരണകൾ പങ്കിട്ടും കൊയ്ത്തുപാട്ടുകൾ ഉറക്കെ പാടിയും അവർ നാടിന്റെ മനസ് കവർന്നു.കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനാട് സംഘടിപ്പിച്ച കാർഷിക നുറുങ്ങുകളുടെ വേദിയാണ് ശ്രദ്ധേയമായത്.ഞാറു നടാനും കള പറിക്കാനും കൊയ്യാനും മെതിക്കാനുമെല്ലാം ഒരുകാലത്ത് സജീവമായി പങ്കെടുത്തിരുന്ന ആനാട് പഞ്ചായത്തിലെ ആൻസില, പുഷ്പ, രാജൻ,മണിയൻ തുടങ്ങിയ തൊഴിലാളികളാണ് വേദിയെ സമ്പന്നമാക്കിയത്.കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്.ബിജു കാർഷിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് ഏരിയ പ്രസിഡന്റ്‌ ബി. സതീശൻ അദ്ധ്യക്ഷത വഹിച്ചു.സംഘാടകസമിതി ചെയർമാൻ ടി.പദ്മകുമാർ സ്വാഗതം പറഞ്ഞു.ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ.ശ്രീകല അനിൽ, ആനാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ്‌ ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ പാണയം നിസാർ, എസ്. കെ ബിജു, കൊല്ലങ്കാവ് അനിൽ, അശോകൻ, ഇരിഞ്ചയം സനൽ,കവിത പ്രവീൺ,പുരുഷോത്തമൻ, സജി കൊല്ല എന്നിവർ പങ്കെടുത്തു.വിജയികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു.നാഗച്ചേരി റഹിം നന്ദി പറഞ്ഞു.