തിരുവനന്തപുരം : ഈ മഴക്കാലത്തും പ്രതിരോധത്തിലെ ഏകോപനം അമ്പേ പാളിയതോടെ പകർച്ചവ്യാധികൾ രൂക്ഷമാവുന്നു. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 118പേർ മരിച്ചു. കഴിഞ്ഞ വർഷം 117 ആയിരുന്നു.
ഡെങ്കി, എലിപ്പനി, എച്ച്1 എൻ1, മഞ്ഞപ്പിത്തം എന്നിവയ്‌ക്ക് പുറമേ, നിർമ്മാർജനം ചെയ്തെന്ന കരുതിയ കോളറയും തിരിച്ചെത്തി.
ആരോഗ്യം, തദ്ദേശം, മൃഗസംരക്ഷണം, ഫിഷറീസ് തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങേണ്ടത്. ജനുവരിയിൽ തുടങ്ങേണ്ട പ്രവർത്തനങ്ങൾ യോഗങ്ങളിൽ മാത്രം ഒതുങ്ങുന്നു. മഴക്കാലപൂർവ ശുചീകരണം, മാലിന്യ സംസ്കരണം, ഡ്രൈ ഡേ ആചരണം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും ഉറപ്പാക്കുന്നില്ല. മേയ് പകുതിയോടെയാണ് പ്രവർത്തനം തുടങ്ങുന്നതു തന്നെ. ഇതിനിടെ മഴ തുടങ്ങും. അതോടെ എല്ലാം നിലയ്ക്കും. ജൂണിലെ മഴ നേരത്തേ വന്നതിനാൽ താളംതെറ്റിയെന്ന് പഴിച്ച് തദ്ദേശസ്ഥാപനങ്ങൾ തടിയൂരും.
പ്രതിരോധത്തിനുള്ള സംസ്ഥാന സമിതിയും കാര്യക്ഷമമല്ല.
സമിതിയിൽ ആരോഗ്യ സെക്രട്ടറി ഉപാദ്ധ്യക്ഷനും ആരോഗ്യ ഡയറക്ടർ മെമ്പർ സെക്രട്ടറിയുമാണ്. തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ, ഭാരതീയ ചികിത്സ, ഹോമിയോ, കാർഷിക വികസന, മൃഗസംരക്ഷണ,ഫിഷറീസ് , ക്ഷീരവികസന ഡയറക്ടർമാരും ഭക്ഷ്യസുരക്ഷാ കമ്മീഷണറും അംഗങ്ങളുമാണ്. സമിതി യോഗങ്ങൾ ചേരുന്നതല്ലാതെ പ്രവർത്തനം ഇല്ലെന്നാണ് ആക്ഷേപം.
എങ്ങുമെത്താതെ കെ - സി.ഡി.സി
പകർച്ചവ്യാധി പ്രതിരോധത്തിന് യു.എസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ മാതൃകയിൽ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (കെ- സി.ഡി.സി) ആരംഭിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. 2021ലെ ബഡ്ജറ്റിൽ 50ലക്ഷം രൂപ നീക്കിവച്ചതാണ്. സ്‌പെഷ്യൽ ഓഫീസറെയും നിയമിച്ചു. തുടർ നടപടികളുണ്ടായില്ല.
പകർച്ചവ്യാധി മരണങ്ങൾ
(ജൂൺ ഒന്നു മുതൽ ഇന്നലെ വരെ)
എലിപ്പനി..........................50
ഡെങ്കിപനി......................24
എച്ച്1 എൻ1...................14
മഞ്ഞപ്പിത്തം..................12
വയറിളക്ക രോഗങ്ങൾ...6
പകർച്ചപനി.....................3
വെസ്റ്റ്‌നൈൽ..................3
മസ്തിഷ്‌ക ജ്വരം.................3
ചിക്കൻഗുനിയ..............1
കോളറ.............................1
ചെള്ളുപനി.....................1
പകർച്ചവ്യാധി പ്രതിരോധത്തിന് ഒറ്റമൂലിയില്ല. കൂട്ടായപ്രവർത്തനം വേണം. പാളിച്ചകളുണ്ടായാൽ വ്യാധികൾ പെരുകും.
-ഡോ.സുൽഫി നൂഹു
ദേശീയ കോ ഓർഡിനേറ്റർ
സാമൂഹ്യമാദ്ധ്യമവിഭാഗം,ഐ.എം.എ
സഹ.നിയമഭേദഗതി:
ഡിവിഷൻബെഞ്ചും
ഇടപെട്ടില്ല
കൊച്ചി: നിയമസഭ പാസാക്കിയ സഹകരണ നിയമഭേദഗതിയിൽ തത്കാലം ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻബെഞ്ചും വ്യക്തമാക്കി. ഭേദഗതി പ്രാബല്യത്തിലായ സാഹചര്യത്തിൽ സ്റ്റേ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. എറണാകുളം ജില്ലയിലെ അയിരൂർ സഹകരണ ബാങ്ക് പ്രസിഡന്റ് സമർപ്പിച്ച അപ്പീൽ ഡിവിഷൻബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് തന്നെ അന്തിമവാദം കേൾക്കണമെന്ന് വ്യക്തമാക്കിയ കോടതി മറ്റ് അപ്പീലുകൾ തീർപ്പാക്കി. സിംഗിൾ ബഞ്ചും സ്റ്റേ നിരസിച്ചിരുന്നു.
മൂന്ന് തവണ തുടർച്ചയായി സഹകരണസംഘം ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തുന്ന വ്യവസ്ഥയെ ചോദ്യംചെയ്യുന്ന ഒരു കൂട്ടം ഹർജികളിൽ സിംഗിൾബെഞ്ച് വിശദമായ വാദം കേൾക്കും. സർക്കാരിനോട്സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചു. തിങ്കളാഴ്ച പരിഗണിക്കും.