തിരകളില്ലാതെ ശാന്തമായ നീലക്കടലിൽ അമ്മക്കപ്പൽ 'സാൻഫെർണാണ്ടോ' അഭിമാനത്തിന്റെ തലപ്പൊക്കത്തിൽ കിടന്നു. ചരിത്രംകുറിച്ച കപ്പൽ കാണാൻ തിര പോലെ ജനം ഒഴുകിയെത്തി. വിഴിഞ്ഞം തുറമുഖം ജനസാഗരമായി. വാണിജ്യപ്രവർത്തനത്തിന് തുടക്കമിട്ട് ആദ്യ അമ്മകപ്പലെത്തിയതിന്റെ സന്തോഷത്തിൽ ബലൂണും വർണ്ണക്കടലാസുകളും വാനിലേക്കുയർത്തി മുഖ്യമന്ത്രി പിണറായിവിജയനും മന്ത്രിമാരും. അഭിമാന നിമിഷത്തിൽ കപ്പലിനു മുന്നിൽ നിന്ന് ചിത്രമെടുത്ത് മുഖ്യമന്ത്രി. ചരിത്രത്തിലേക്ക് ആദ്യ കപ്പലോടിച്ചെത്തിയ റഷ്യൻ ക്യാപ്ടൻ വോൾഡിമർ ബോണ്ട് ആരെങ്കോയ്ക്കും ജീവനക്കാർക്കും മുഖ്യമന്ത്രി ഉപഹാരം നൽകി. ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നെത്തിയ ഡാനിഷ് കണ്ടെയ്‌നർഷിപ്പ് കമ്പനി മെസ്‌ക്‌ലൈനിന്റെ കപ്പൽ വിജയകരമായി കണ്ടെയ്നറുകളിറക്കിയപ്പോൾ വിഴിഞ്ഞത്ത് പിറന്നത് പുതുചരിത്രം.
മൂന്ന് പതിറ്റാണ്ട് കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിന്റെ തീരത്തടുത്തത്. തുറമുഖ പദ്ധതി പൊളിക്കാൻ പലഘട്ടങ്ങളിലായി ശ്രമമുണ്ടായി. വിഴിഞ്ഞത്തു നിന്ന് തുറമുഖം തമിഴ്നാട്ടിലെ കുളച്ചലിലെത്തിക്കാൻ മുൻപ് കേന്ദ്രമന്ത്രിയായിരുന്ന നേതാവ് കിണഞ്ഞു പരിശ്രമിച്ചു. ചില അന്താരാഷ്ട്ര ലോബികൾ വിഴിഞ്ഞത്തിനെതിരേ രംഗത്തെത്തി. വിഴിഞ്ഞം തുറമുഖം ഉയരുന്നത് പല അന്താരാഷ്ട്ര ലോബികൾക്കും ഇഷ്ടമായിരുന്നില്ലെന്നും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സ്ഥാപിത താത്പര്യക്കാർ രംഗത്തിറങ്ങിയെന്നും അതെല്ലാം ഇച്ഛാശക്തിയോടെയും കൂട്ടായ നിർവഹണ ശേഷിയോടെയും ദുർബലമാക്കിയെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒറ്റക്കെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യത്തിലെത്തിയത്. ലോകത്തെ അത്യാധുനിക യന്ത്രങ്ങളും സാങ്കേതികവിദ്യയുമാണ് വിഴിഞ്ഞത്ത്. ഇന്ത്യയിലെ ഒരു തുറമുഖത്തും ഇത്രയും ആധുനിക ക്രെയിനുകളും സാങ്കേതികവിദ്യയുമില്ല. ദക്ഷിണ ഏഷ്യയിലെ ഏറ്റവും ആധുനിക കണ്ടെയ്നർ ഹാൻഡ്‌ലിംഗ് സാങ്കേതികവിദ്യയാണ് ഇവിടെയുള്ളത്. വിഴിഞ്ഞം തുറമുഖത്തിന് അഭിവൃദ്ധി, പുരോഗതി, ഉത്പാദനക്ഷമത എന്നിങ്ങനെ ത്രിമുഖ ലക്ഷ്യങ്ങളാണുള്ളത്.
തുറമുഖങ്ങളുടെ തുറമുഖം
കേരളത്തിന്റെ ചരിത്രത്തിൽ പുതിയ അദ്ധ്യായമാണ് വിഴിഞ്ഞം തുറമുഖം രചിച്ചത്. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള സ്വപ്നമാണ് യാഥാർത്ഥ്യമാവുന്നത്. ലോകത്ത് തന്നെ ഇത്തരം തുറമുഖങ്ങൾ കുറവാണ്. 20മീറ്ററിലേറെ സ്വാഭാവിക ആഴവും അന്താരാഷ്ട്ര കപ്പൽച്ചാലിന് 10നോട്ടിക്കൽ മൈൽ അടുത്തായതും വിഴിഞ്ഞത്തിന് ഗുണകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്കു ബർത്ത് ചെയ്യാൻ കഴിയുന്ന തുറമുഖമാണ് വിഴിഞ്ഞം. തുറമുഖങ്ങളുടെ തുറമുഖം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലേക്ക് വിഴിഞ്ഞം മാറുമെന്നും കേരളം രാജ്യത്തിനാകെ നൽകുന്ന സംഭാവനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള കരാറുകൾ ഒപ്പിടും. ഇത്ര വലിയ തുറമുഖത്തിന്റെ സാന്നിധ്യം അയൽ രാജ്യങ്ങൾക്കും ഉപകാരപ്പെടും. 2,960മീറ്റർ പുലിമുട്ട് നിർമ്മിച്ചു. 2,500 മീറ്ററോളം അക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കി. വിഴിഞ്ഞം-ബാലരാമപുരം 11കിലോമീറ്റർ തുരങ്ക റെയിൽപാതയ്ക്ക് അനുമതിയായി. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിൻറെ 35% പൂർത്തിയായി. 6,000 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന ഔട്ടർറിംഗ് റോഡുകൂടി വരുന്നതോടെ തുറമുഖപദ്ധതി വലിയ നേട്ടമുണ്ടാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതിയുടെ ഉത്തമ മാതൃകയാണിത്- മുഖ്യമന്ത്രി വിശദീകരിച്ചു.
ഖജനാവിനും ഗുണം
തുറമുഖം പൂർണ്ണസജ്ജമാവുന്നതോടെ, വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം മേഖലകളിൽ വികസനമുണ്ടാവും. സംസ്ഥാനത്തിൻറെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും ഇടയാക്കും. തുറമുഖത്തേക്ക് കപ്പലുകളെത്തുന്നത് സംസ്ഥാനത്തിന്റെ നികുതി വരുമാനം വർദ്ധിപ്പിക്കും. ചരക്കിറക്കുമ്പോൾ അതിന്റെ മൂല്യത്തിന്മേലുള്ള ഐ.ജി.എസ്.ടിയുടെ പകുതി സംസ്ഥാനത്തിനാണ്. ചരക്കുകൾ ലോഡ്, അൺലോഡ് ചെയ്യുന്നതിനുള്ള ഫീസിനും നികുതി ലഭിക്കും. തുറമുഖം കപ്പലുകൾക്ക് നൽകുന്ന സേവനങ്ങൾക്കും ഇന്ധനം നിറയ്ക്കുമ്പോഴും നികുതി ലഭിക്കും.
നേരത്തേ തീർക്കാൻ അദാനി
2028-29ൽ തുറമുഖത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് 20,000 കോടി നിക്ഷേപിക്കുമെന്നും അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി വ്യക്തമാക്കിയിട്ടുണ്ട്. ക്ടോബറിൽ അടുത്ത ഘട്ടങ്ങളുടെ നിർമ്മാണം തുടങ്ങും. തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാക്കാനിരുന്നതാണെങ്കിലും അതിനു മുൻപേ തീർക്കും. 600മീറ്റർ ബർത്തും 7500 കണ്ടെയ്നർ ശേഷിയുള്ള യാർഡും പൂർത്തിയായി. ആദ്യഘട്ടത്തിൽ പ്രതിവർഷം 10ലക്ഷം കണ്ടെയ്നറുകളായിരുന്നു ലക്ഷ്യം. ഇത് 50ശതമാനം വർദ്ധിപ്പിച്ച് 15ലക്ഷമാക്കാനാവും. ഇന്ത്യയുടെ ഭാവിയുടെ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റുമെന്നാണ് അദാനിയുടെ വാഗ്ദാനം. പ്രദേശത്തിന്റെ വികസനത്തിനായി ആധുനിക മത്സ്യബന്ധന ഹാർബർ, ബങ്കറിംഗ് സൗകര്യം, ഹാർബറിലേക്ക് ഔട്ടർ റിംഗ് റോഡ്, സീഫുഡ് പാർക്ക്, ക്രൂയിസ് ടൂറിസം സൗകര്യങ്ങൾ, വ്യവസായ ഇടനാഴി എന്നിവ നിർമ്മിക്കും. നിർമ്മാണം, ഓപ്പറേഷൻസ് രംഗത്ത് നിലവിൽ 2000 നേരിട്ടുള്ള തൊഴിൽ സൃഷ്ടിച്ചിട്ടുണ്ട്. ഭാവി വികസന പദ്ധതികളിലൂടെ 5500ലേറെ തൊഴിൽ സൃഷ്ടിക്കും.
സൂപ്പറാണ് വിഴിഞ്ഞം
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻഷിപ്മെന്റ് തുറമുഖം
ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ മദർപോർട്ട്
ഡ്രജ്ജിംഗ് ആവശ്യമില്ലാതെ ആഴം നിലനിറുത്താം.
ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യാൻ ശേഷി
ദക്ഷിണ ഏഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോർട്ട്
ഫുള്ളി ഓട്ടോമേറ്റഡ് ആയ 23 യാർഡ് ക്രെയിനുകൾ
സെമി ഓട്ടോമേറ്റഡ് ആയ 8 ഷിപ്പ് ടു ഷോർ ക്രെയിനുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് ടു ഷോർ ക്രെയിനുകൾ
രാജ്യാന്തര കപ്പൽ പാതയുടെ ഏറ്റവും അടുത്ത് (10നോട്ടിക്കൽ മൈൽ)
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള പുലിമുട്ട്
കടലിന് അടിയിലും മുകളിലുമായി ആകെ ഉയരം 27.5 മീറ്റർ
ഇന്ത്യൻ തീരമേഖലയുടെ മധ്യസ്ഥാനത്തുള്ള തുറമുഖം
കേരളത്തിലെ ഏറ്റവും വലിയ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി.
9600 കോടി രൂപയുടെ രണ്ട്, മൂന്ന് ഘട്ടങ്ങൾ 2028നകം
ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാരം 108 കോടി രൂപ
അദാനി ഫൗണ്ടേഷൻ വഴി 63 കോടി രൂപയുടെ സിഎസ്ആർ പദ്ധതികൾ
അസാപ് സഹകരണത്തോടെ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ