വിജയവാഡ: പാവപ്പെട്ടവരേയും അവശത അനുഭവിക്കുന്നവരുടേയും അടുത്തെത്തി അവരുടെ പരാതികൾ സ്വീകരിച്ച് പരിഹാരം കണ്ടെത്തുന്ന 'ജനസമ്പർക്ക' പരിപാടിക്ക് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടക്കം കുറിച്ചു. ഇന്നലെ രാജമഹേന്ദ്രവരത്തിലെ പാർട്ടി ഓഫീസിൽ വച്ച് ഭിന്നശേഷിക്കാരുടെ പരാതികൾ അദ്ദേഹം കേട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അതെല്ലാം പരിഹരിക്കാൻ വേണ്ട നിർദ്ദേശവും നൽകി.
'പൊതു സ്വകാര്യ ജനകീയ പങ്കാളിത്ത'ത്തിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാനാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) യോഗത്തിൽ വ്യാഴാഴ്ച സംസാരിച്ചതിനു പിന്നാലെയാണ് ജനസമ്പർക്ക പരിപാടിക്ക് അദ്ദേഹം തുടക്കം കുറിച്ചത്.
രാജ്യത്തെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേർക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 20 ശതമാനത്തെ ദത്തെടുക്കണമെന്ന് നായിഡു സി.ഐ.ഐ യോഗത്തിൽ ആവശ്യപ്പെട്ടു. 'ഉള്ളവനും ഇല്ലാത്തവനും' തമ്മിലുള്ള വിടവ് നികത്താൻ ഇത് സഹായിക്കും.
റോഡ് നവീകരണത്തിന് 300 കോടി
സംസ്ഥാനത്തുടനീളം റോഡ‌് നവീകരണത്തിന് 300 കോടി രൂപ ചെലവഴിക്കാൻ വെളളിയാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വൈ.എസ്.ആർ.സി.പിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ അവഗണിച്ചെന്ന് ഫണ്ട് വിനിയോഗിക്കാതെയും കരാറുകാർക്ക് പണം നൽകാതെയും റോഡുകളുടെ ശോച്യാവസ്ഥയിലേക്ക് എത്തിച്ചെന്നും റോഡ്, കെട്ടിട വകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് പറഞ്ഞു.
4,151 കിലോമീറ്റർ റോഡുകളിൽ കുഴികളുണ്ട്, 2,939 കിലോമീറ്റർ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.