തിരുവനന്തപുരം: 1500 രൂപ ദിവസക്കൂലിക്ക് വന്ന പാവപ്പെട്ട തൊഴിലാളി ആമയിഴഞ്ചാൻ തോട്ടിലെ മലിനജലത്തിൽ മുങ്ങിപ്പോയതിന് നഗരസഭയ്ക്കും റെയിൽവേയ്ക്കുമുള്ളതുപോലെ തുല്യ ഉത്തരവാദിത്തം നഗരവാസികൾക്കുമുണ്ട്. മാലിന്യം വലിച്ചെറിയാതിരിക്കാൻ വേലി കെട്ടിയാൽ അതിനു മുകളിലൂടെ മാലിന്യം വലിച്ചെറിഞ്ഞ് 'ത്രിൽ' അനുഭവിക്കുന്നവരാണ് നഗരവാസികളിൽ ചിലർ. ഇതിനോടകം നിരവധി തവണ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കി.എന്നാൽ, പഴയപടി മലിനമാവാൻ ദിവസങ്ങൾ മതി. തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കണ്ടെത്താനുള്ള തിരച്ചിലിന് വിഘാതം സൃഷ്ടിച്ചത് മാലിന്യമായിരുന്നു. ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നതാണ് ഇന്നലത്തെ സംഭവം നൽകുന്ന പാഠം.
ഒബ്സർവേറ്ററി ഹില്ലിൽനിന്ന് ആരംഭിക്കുന്ന തോടിന്റെ 119 മീറ്റർ റെയിൽവേ ലൈനിന് കീഴിലൂടെയാണ് പോകുന്നത്. റെയിൽവേയുടെ ഭാഗം വൃത്തിയാക്കിയില്ലായെന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിക്കുമ്പോഴും മറ്റ് സ്ഥലങ്ങൾ മാലിന്യ കൂമ്പാരമെന്ന് കാര്യം മറക്കുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് എതിർവശം, പുത്തരിക്കണ്ടം മൈതാനത്തിനരികിലൂടെ കടന്നുപോകുന്ന ഭാഗം, തകരപറമ്പ്, വഞ്ചിയൂർ തുടങ്ങിയ ഭാഗങ്ങളിൽ മാലിന്യക്കൂനയാണ്.
ക്യാമറ വച്ചു, കണ്ണടച്ചു
മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഠിച്ചപണി പതിനെട്ടും നഗരസഭാ അധികൃതർ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ലക്ഷങ്ങൾ മുടക്കി 500 സി.സി ടിവി കാമറകൾ വിവിധയിടങ്ങളിൽ സ്ഥാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം തകരാറിലായി. കാമറയുടെ സഹായത്താൽ ഒരാളെപ്പോലും മാലിന്യം തള്ളിയതിന്റെ പേരിൽ അറസ്റ്റ് ചെയ്തില്ല. തുർന്ന് മേയറുടെ നേതൃത്വത്തിൽ 'ഈഗിൾ ഐ' സ്ക്വാഡ് രൂപീകരിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കേസെടുത്ത് 6 മാസം വരെ ജയിലിൽ അടയ്ക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നിട്ടും മാലിന്യം നിക്ഷേപിക്കൽ നിർബാധം തുടർന്നു. മാലിന്യം സ്ഥിരമായി തള്ളുന്ന ഭാഗങ്ങളിൽ എയ്റോബിക് ബിന്നുകൾ സ്ഥാപിക്കലായിരുന്നു അടുത്തഘട്ടം. എന്നാൽ, നിറഞ്ഞുകവിഞ്ഞ ബിന്നുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ ആരും എത്തിയില്ല. ഇതോടെ വീണ്ടും മാലിന്യ നിക്ഷേപം തോട്ടിലേക്കായി.