വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ അമ്മക്കപ്പൽ ഇന്ന് മടങ്ങും.സാൻ ഫെർണാണ്ടോയാണ് കണ്ടെയ്നറുകൾ ഇറക്കിയശേഷം ഇന്ന് രാവിലെ 8നുശേഷം കൊളംബോയ്ക്ക് മടങ്ങുന്നത്.കണ്ടെയ്‌നറുകൾ ഇറക്കുന്നതിന് വേഗം കുറവായതോടെയാണ് യാത്ര വൈകിയത്. ഇന്നലെ വൈകിട്ട് വരെ ഏകദേശം 1000ത്തിലേറെ കണ്ടെയ്‌നറുകളാണ് ഇറക്കിയത്. ആകെ 1930 കണ്ടെയ്‌നറുകളാണ് ഇവിടെ ഇറക്കേണ്ടത്. 600ൽപ്പരം കണ്ടെയ്നറുകളെ പുനഃക്രമീകരിക്കണമെന്നാണ് അധികൃതർ പറയുന്നത്. 5 എസ്.എ.ടി.എസ് ക്രെയിനുകൾ ഉപയോഗിച്ചാണ് കണ്ടെയ്നർ ഇറക്കിയത്. 28 ട്രെയിലറുകളിലാണ്(ഐ.ടി.വി) കണ്ടെയ്നർ നീക്കിയത്.ഇറക്കിയ കണ്ടെയ്‌നറുകളെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുന്നതിനായി ഫീഡർ കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും. അമ്മക്കപ്പൽ സാൻ ഫെർണാണ്ടോയ്ക്ക് യാത്രഅയപ്പ് നൽകാൻ പുറംകടൽ വരെ ടഗുകളുടെ അകമ്പടിയുണ്ടാവും. തുറമുഖത്തെ ക്യാപ്ടൻമാർ പുറംകടൽ വരെ കപ്പലെത്തിച്ച് സാൻഫെർണാണ്ടോയുടെ ക്യാപ്ടന് കൈമാറും. രാവിലെ ഒൻപതോടെ മടക്കയാത്ര ആരംഭിക്കുമെന്നാണ് വിവരം.