തിരുവനന്തപുരം: ഇതുവരെ കാണാത്ത ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിനായിരുന്നു നഗരം ഇന്നലെ സാക്ഷ്യം വഹിച്ചത്. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം വൃത്തിയാക്കാനിറങ്ങിയ ആളെ കാണാതായ വാർത്ത പരന്നതോടെ ഫയർഫോഴ്സും പൊലീസും നഗരസഭയും ജില്ലാഭരണകൂടവും ഉണർന്നുപ്രവർത്തിച്ചു. പിന്നെ കണ്ടത് പാതിരാവോളം നീണ്ട രക്ഷാപ്രവർത്തനം. ഇന്നലെ രാവിലെ 11.30ന് വിവരം അറിഞ്ഞയുടൻ പനവിളയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം പാഞ്ഞെത്തി. സ്ഥിതി ഗുരുതരമാണെന്ന് മനസിലായതോടെ സ്കൂബാ ടീമിനെയും സ്ഥലത്തെത്തിച്ചു. വെള്ളത്തിന് മുകളിൽ ഒരു മീറ്റർ പൊക്കത്തിൽ അടിഞ്ഞുകിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിലൂടെയുള്ള പരിശോധന ദുഷ്‌കരമായിരുന്നു. ഓക്സിജൻ സിലിണ്ടർ തോളിലേറ്റി സ്‌കൂബാ ടീമിലെ സജയൻ, അനു എന്നിവർ ടണലിനുള്ളിൽ ഏഴു മീറ്ററോളം കാണാതായ ജോയിക്കായി മുങ്ങിത്തപ്പി. പുറത്തുനിന്ന് സ്‌കൂബാ ടീമിലെ മറ്റംഗങ്ങൾ പിടിച്ച വടത്തിന്റെ നീളം വരെ ഉള്ളിലേക്ക് അവർ ഊളിയിട്ടു. തീവ്രപ്രകാശമുള്ള ടോർച്ച് തെളിച്ചെങ്കിലും വെള്ളത്തിന് കറുത്ത നിറമായിരുന്നതിനാൽ ഒന്നും കാണാനായില്ല. കൈകൊണ്ടും തപ്പിയും പരിശോധിച്ചു. ഫലമില്ലാതായതോടെ സ്കൂബാ ടീമിനെ തിരിച്ചുവിളിച്ചു. തോട്ടിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യം കോരിമാറ്റാതെ ഒന്നും ചെയ്യാനാകില്ലെന്ന് അവർ പറഞ്ഞു. ഇതോടെ തോടിന് ചുറ്റും സ്ഥാപിച്ചിരുന്ന ഗ്രിൽ പൊളിച്ചുനീക്കി ജെ.സി.ബി ഉപയോഗിച്ച് മാലിന്യം കോരാൻ നഗരസഭ തീരുമാനിച്ചു. ഫയർ ഫോഴ്‌സിന്റെ വലയിൽ മാലിന്യം നിറച്ചശേഷം ജെ.സി.ബി ഉപയോഗിച്ച് വലിച്ചു പുറത്തെടുത്തു. ഉച്ചയ്ക്ക് മൂന്നരയോടെ സ്‌കൂബാ സംഘം വീണ്ടും തോട്ടിലിറങ്ങി. അപ്പോഴും ടണലിനുള്ളിലെ മാലിന്യം നീക്കാനായിരുന്നില്ല.
സ്കൂബ സംഘത്തിന് വെല്ലുവിളി
മാലിന്യത്തിനിടയിലൂടെ സ്കൂബ സംഘത്തിന് ടണലിൽ കടക്കാനാകാതിരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ജീവൻ പണയം വച്ചാണ് ടണലിൽ 30 മീറ്റർ ഇവർ അകത്തേക്കു പോയത്. എന്നാൽ ആകെ ഇരുട്ട് നിറഞ്ഞ ടണലിൽ തെരച്ചിൽ വിഫലമായി. ടണലിൽ ഇവർക്ക് മുട്ടുകുത്തി നിൽക്കാൻ പോലുമായില്ല. ഇതോടെ ടണലിന്റെ മറുവശത്ത് പരിശോധന നടത്തി. അതും വിഫലമായി. 15 മീറ്റർ മാത്രമാണ് അകത്തേക്ക് കയറാനായത്.അവിടെയാകെ മുഴുവൻ ചെളി മൂടി കിടന്നതാണ് പ്രതിബന്ധമായത്. ട്രാക്കുകൾക്കിടയിലെ മാൻഹോളുകൾ തുറന്ന് പരിശോധന നടത്തിയെങ്കിലും അതിലും കാര്യമുണ്ടായില്ല. ഒടുവിൽ രാത്രിയോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. തുടർന്ന് മാൻഹോൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബാൻഡികൂട്ട് റോബോട്ടിനെ ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കാനാരംഭിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.