റെയിൽവേ ട്രാക്കിനടിയിലൂടെ ആമയിഴഞ്ചാൻ തോട്

ആമയിഴഞ്ചാൻ തോടിന് മുകളിൽ കോൺക്രീറ്റ് ചെയ്തശേഷമാണ് ഇതിന് മുകളിൽ റെയിൽവേ ട്രാക്കുകൾ പണിതിട്ടുള്ളത്. അഞ്ച് പ്ലാറ്റ്‌ഫോമുകളടക്കം 12 പിറ്റ് ലൈനുകൾ ഇതിന് മുകളിലാണ്. ഇതിനാൽ പുറമെ കാണുന്ന തോടിന്റെ വീതി ഉള്ളിലേക്കില്ല. മാലിന്യം നിറഞ്ഞ് വായുവും വെളിച്ചവും ഇല്ലാത്ത തുരങ്കം. 200 മീറ്റർ നീളമുള്ള തുരങ്കസമാനമായ ഭാഗത്ത് ഒരു മീറ്റർ പൊക്കത്തിൽ മാലിന്യം നിറഞ്ഞതും വെളിച്ചമില്ലാത്തതുമാണ് വെല്ലുവിളി.


വെല്ലുവിളിയിൽ സ്‌കൂബാ ടീം

വെള്ളം കുറഞ്ഞതോടെ സ്‌കൂബാ ഡൈവിംഗ് സംഘത്തിനു മുങ്ങി പരിശോധിക്കാൻ കഴിയാത്ത അവസ്ഥയായി. ഒരു മീറ്ററോളം പൊക്കത്തിൽ പ്ലാസ്റ്റിക് കുപ്പിടയക്കമുള്ള മാലിന്യം ടണലിനുള്ളിൽ കുടുങ്ങിക്കിടന്നതിനാൽ ഇതിനുള്ളിൽ തെരച്ചിൽ നടത്തുക അസാദ്ധ്യം. തോടിനുള്ളിലെ മാലിന്യത്തിൽ ചവിട്ടുമ്പോൾ ചതുപ്പിൽ താഴ്ന്നുപോകുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ബി. സുബാഷ്, വിവേക്, സുജയൻ , അനു , വിജിൻ എന്നിവരടക്കം പത്തോളം സ്‌കൂബാ ടീം അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.


 മാൻഹോളുകൾ ഇടുങ്ങിയത്

ട്രാക്കിനിടയിലെ മാൻഹോളുകൾ കഷ്ടിച്ച് ഒരാൾക്ക് ഇറങ്ങാൻ മാത്രം പാകത്തിനുള്ളവ. ഇതിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ സ്‌കൂബാ ടീം അംഗത്തെ ഇറക്കുന്ന കാര്യം വിദഗ്‌ദ്ധോപദേശം കിട്ടിയ ശേഷം തീരുമാനിക്കുമെന്ന് കളക്ടർ ജെറോമിക് ജോർജ്ജ്.