രാത്രി വൈകിയും രക്ഷാപ്രവർത്തനം
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താൻ റോബോട്ടിനെ ഉപയോഗിച്ചും രക്ഷാപ്രവർത്തനം. ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്‌സ് ഇന്നൊവേഷന്റെ ബാൻഡികൂട്ട് എന്ന റോബോട്ടിനെയാണ് രാത്രി 8ഓടെ എത്തിച്ചത്.
വലിയ തോതിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയതെന്ന് ജെൻറോബോട്ടിക്‌സ് സി.ഇ.ഒ വിമൽ ഗോവിന്ദ് പറഞ്ഞു. മാൻഹോൾ വൃത്തിയാക്കുന്ന ബാൻഡികൂട്ടിനെ ഉപയോഗിച്ച് മാലിന്യം നീക്കി തോടിന്റെ ഒഴുക്ക് സുഗമമാക്കിയാൽ ജോയിയെ കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻഹോളിലാണ് ബാൻഡികൂട്ടിനെ ഇറക്കിയത്. എന്നാൽ ഒരാൾ പൊക്കത്തിൽ മാൻഹോളിൽ ചെളിയും മാലിന്യവും കുമിഞ്ഞുകൂടിയതിനാൽ മാലിന്യം നീക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
റോബോട്ട് പുറത്തെത്തിക്കുന്ന മാലിന്യം നഗരസഭയിലെ 75ഓളം ശുചീകരണത്തൊഴിലാളികളും ഫയർഫോഴ്സും നാട്ടുകാരുമടങ്ങുന്ന സംഘം നീക്കം ചെയ്തു. തുടർന്ന് 9ഓടെ നീളമുള്ള ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചെളി നീക്കാൻ ശ്രമിച്ചു. മാലിന്യം പൂർണമായി നീക്കാനാകാതെ വന്നതോടെ രാത്രി 12ഓടെ റോബോട്ടിനെ ഉപയോഗിക്കുന്നത് താത്കാലികമായി നിറുത്തി. പിന്നീട് തൊഴിലാളികളെ ഉപയോഗിച്ച് മാൻഹോൾ നീക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. രാത്രി വൈകി നൈറ്റ് വിഷൻ ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ള മറ്റൊരു റോബോട്ടിനെ കൂടി തെരച്ചിലിനായി എത്തിച്ചു. ഇതിലൂടെ തോട്ടിലെ ദൃശ്യങ്ങൾ പുറത്തുനിന്ന് നിരീക്ഷിക്കാനാവും. അതേസമയം, സ്റ്റേഷനിൽ ഏറനാട് എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ നിറുത്തിയിട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഒട്ടുമിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്.
രക്ഷാപ്രവർത്തനത്തിന് റെയിൽവേ തടസം നിൽക്കുന്നതായും പ്ലാറ്റ്ഫോമിൽ ട്രെയിൻ നിറുത്തിയിടുന്നത് റെയിൽവേയുടെ ഉത്തരവാദിത്തം ഇല്ലായ്‌മയാണെന്നും മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചു. രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബാൻഡികൂട്ടിനെ 2018ലാണ് കമ്പനി പുറത്തിറക്കിയത്.