തിരുവനന്തപുരം: വർഷങ്ങൾക്ക് മുമ്പ് മറ്റ് ജില്ലകളിൽ നിന്ന് തലസ്ഥാനത്തെ കോളേജുകളിൽ പഠിക്കാൻ എത്തിയിരുന്നവർ ആമയിഴഞ്ചാൻ തോട്ടിൽ ആർത്തുല്ലസിച്ച് കുളിച്ചിരുന്നത്രേ! അന്ന് ആമയിഴഞ്ചാൻ എന്നായിരുന്നില്ല പേര്. ഇന്ന് സ്ഥിതി മാറി. ജനസംഖ്യ വർദ്ധിച്ചതോടെ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയാൻ തുടങ്ങി. കാലക്രമേണ ഒഴുക്ക് കുറഞ്ഞു. അങ്ങനെ തോടിനെ കളിയാക്കി ആമയിഴഞ്ചാൻ എന്ന് വിളിച്ചുതുടങ്ങി.
വർഷങ്ങളായി തോടിന്റെ ശുചീകരണത്തിന് സർക്കാർ കോടികൾ ചെലവാക്കി. തമ്പാനൂരിൽ മാത്രമല്ല പഴവങ്ങാടി ഗണപതി ക്ഷേത്രം, പുത്തരിക്കണ്ടം മൈതാനത്തിന് സമീപം, തകരപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലും തോട് മാലിന്യക്കൂമ്പാരമാണ്. ഓപ്പറേഷൻ അനന്ത പോലുള്ള പദ്ധതികൾ പാതിവഴിയിൽ നിലച്ചതും ഇന്നത്തെ സ്ഥിതിക്ക് കാരണമാണ്. വാർത്താമൂല്യം കെട്ടൊടുങ്ങും മുമ്പ് പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ജനങ്ങളും സാങ്കേതിക വിദഗ്ദ്ധരും പറയുന്നു...
അനുഭവങ്ങളിൽ നിന്ന് പഠിക്കാത്തതാണ് പ്രശ്നം. 2015ലും സമാനമായ മാലിന്യപ്രശ്നം ഉണ്ടായിരുന്നു. അന്ന് യന്ത്രക്കൈകൾ ഉപയോഗിച്ച് ടൺ കണക്കിന് മാലിന്യം നീക്കി. മാലിന്യം വലിച്ചെറിയാതിരിക്കാൻ നെറ്റിട്ടു. ക്യാമറകൾ സ്ഥാപിച്ചു. ഓപ്പറേഷൻ അനന്തയുടെ സമയത്ത് രണ്ടംഘട്ടത്തിനായുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഒന്നാംഘട്ടം അവസാനിപ്പിച്ചത്. റെയിൽവേ, പൊതുമരാമത്ത്, ജല അതോറിട്ടി, ദേശീയപാത, നഗരസഭ, കെ.എസ്.ഇ.ബി തുടങ്ങി നിരവധി വിഭാഗങ്ങളുടെ സഹകരണം വിഷയത്തിൽ ആവശ്യമാണ്. ചീഫ് സെക്രട്ടറി ഇതെല്ലാം ഏകോപിപ്പിക്കണം. പരസ്പരം പഴിചാരാതെ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കണം.
-ജിജി തോംസൺ, ഓപ്പറേഷൻ അനന്ത
നടപ്പിലാക്കിയ കാലത്തെ ചീഫ് സെക്രട്ടറി
നഗരത്തിന്റെ മരണമാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ജൈവ- അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ചെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് റസിഡന്റ്സ് അസോസിയേഷനുകൾ മുൻകൈയെടുക്കണം. ഓടകൾക്ക് കുറുകെയുള്ള കെട്ടിടനിർമ്മാണങ്ങളാണ് മറ്റൊരു പ്രശ്നം. ആമയിഴഞ്ചാൻ തോടിന്റെയും പാർവതി പുത്തനാറിന്റെയും ഇരുവശങ്ങളിളും ഇത്തരം കെട്ടിടങ്ങളുണ്ട്. മഴക്കാല പൂർവശുചീകരണം കൃത്യമായി നടത്താത്തതും പ്രശ്നമാണ്.
ഡോ. ജി.ശങ്കർ, ആർകിടെക്ട്,
ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകൻ
നാഗരികതയുടെ മുഖമുദ്രയാണ് ശരിയായ ഡ്രെയിനേജ് സംവിധാനം. 1940കളിൽ അധികമായി ഒഴുകിയെത്തുന്ന മഴവെള്ളം ഒഴുകിപ്പോകാൻ കൃത്രിമമായി നിർമ്മിച്ചതായിരുന്നു ആമയിഴഞ്ചാൻ തോട്. അന്നത്തെ എൻജിനിയർ ബാലകൃഷ്ണ റാവുവിന്റെ ദീർഘവീക്ഷണമായിരുന്നു അത്. ചരിത്രപ്രസക്തമായ ഈ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതിൽ ഏറിയ പങ്കും വഹിക്കുന്നത് രാവിലെ എത്തി വൈകിട്ടോ രാത്രിയിലോ മടങ്ങുന്ന ഫ്ലോട്ടിംഗ് ജനവിഭാഗമാണ്. ടിന്നുകൾ, പ്ലാസ്റ്റിക് കണ്ടെയ്നറുകൾ എന്നിവ ഇവർ അലക്ഷ്യമായി വലിച്ചെറിയുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് വേണ്ടത്.
എം.ജി.ശശിഭൂഷണൻ,
ചരിത്രകാരൻ
ഡ്രെയിനേജുകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കാത്തതാണ് പ്രശ്നം. വഞ്ചിയൂരിലെ ആമയിഴഞ്ചാൻ തോടിന്റെ ഭാഗത്ത് ഇപ്പോഴും മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയാണ്. ഇരുവശങ്ങളിലുള്ള കമ്പി വേലികളും പൊളിഞ്ഞുകിടക്കുന്നു. ഈ ഭാഗത്തെ തോടിന്റെ മുകൾ ഭാഗം പൂർണമായും മൂടി പാറ്റൂരിലേക്ക് വന്നുചേരുന്ന തരത്തിൽ റോഡ് നിർമ്മിക്കുന്നതിനെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ട്. മാലിന്യം നീക്കി അത്തരമൊരു സംവിധാനം കൊണ്ടുവന്നാൽ, ഭാവിയിൽ മാലിന്യം നിക്ഷേപിക്കുന്നതും ആളുകൾ അപകടത്തിൽപ്പെടുന്നതും തടയാനാവും.
അഭിജിത്ത്,
സിവിൽ എൻജിനിയർ