30

ഉദിയൻകുളങ്ങര: അമരവിള എക്സൈസ് റെയിഞ്ച് ഓഫീസിന് വേണ്ടിയുള്ള കെട്ടിട നിർമ്മാണ പ്രവർത്തനം ഇഴയുന്നു. ഒരു വർഷത്തിലധികമായി എക്സൈസ് ഓഫീസ് ഗ്രാമീണ പ്രദേശത്തെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ദേശീയപാതയോരത്ത് നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലാണ് അമരവിള എക്സൈസ് റെയിഞ്ച് ഓഫീസ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ഓടിട്ടകെട്ടിടം ചോർന്നൊലിക്കുന്നതു കാരണം ഓഫീസിലെ ഫയലുകൾ പലതും നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഒരു വർഷത്തിനു മുമ്പാണ് കെട്ടിടം പൊളിച്ചുമാറ്റിയത്. ഒരുകോടി 30 ലക്ഷം രൂപ ചെലവിട്ട് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി ലഭിച്ചതോടെ

10 മാസങ്ങൾക്കു മുമ്പ് കെട്ടിടം പൂർണമായും പൊളിച്ചു. പൊളിച്ച കല്ലും മറ്റ് സാധനങ്ങളും ഒരു ഷെഡിലേക്ക് മാറ്റി ലേലത്തിൽവച്ചു. അത് അടുത്തിടെ ലേലം ചെയ്യപ്പെട്ടുവെങ്കിലും രേഖകൾ തയ്യാറാകാത്തതാണ് സാധനങ്ങൾ നീക്കുവാൻ കാലതാമസം എടുക്കുന്നതായി അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ കെട്ടിട സാധനങ്ങൾ നീക്കിയിട്ടുണ്ട്. പാറശാല പി.ഡബ്ല്യു.ഡിയുടെ കീഴിൽ ഇവിടെ പുതിയ കെട്ടിടത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും അധികൃതർ നടപ്പാക്കുന്നില്ല.

കേസുകൾ കുറഞ്ഞു

ദേശീയപാതയോരത്ത് പ്രവർത്തിച്ചിരുന്ന അമരവിള എക്സൈസ് റെയിഞ്ച് ഓഫീസ് ഉദിയൻകുളങ്ങര പൊഴിയൂർ റോഡിലേക്ക് മാറിയതോടെ ലഹരി പിടികൂടുന്നതിന്റെ കേസുകൾ കുറഞ്ഞതായും ആരോപണങ്ങളുണ്ട്. മലയോര അതിർത്തി മേഖലകളിൽ ലഹരി കടത്ത് സജീവമായതായും സൂചനയുണ്ട്.

സർക്കാരിന് നഷ്ടം

സ്വകാര്യ കെട്ടിടം വാടകയ്ക്കെടുത്ത് പ്രവർത്തിക്കുന്നത് സർക്കാരിന് നഷ്ടമുണ്ടാക്കുന്നതാണ്. നെയ്യാറ്റിൻകര താലൂക്കിൽ നിരവധി സർക്കാർ ഓഫീസുകളാണ് സ്വകാര്യ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത്.

ലഹരിക്കടത്ത് വ്യാപകം

അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന ലഹരിവസ്തുക്കൾ കടന്നു പോകുന്നത് ദേശീയപാതയോരം വഴിയാണ്. ഒന്നരക്കിലോമീറ്റർ മാറി ചെക്ക് പോസ്റ്റ് നിലവിലുണ്ടെങ്കിലും സംശയമുള്ള വാഹനങ്ങൾ മാത്രമേ ഇവിടെ പരിശോധിക്കൂ. ചെക്ക് പോസ്റ്റ് പരിധിവിട്ട് മാറിവരുന്ന സ്ഥലങ്ങളിൽ പരിശോധനയ്ക്ക് പരിമിതിയുള്ളതിനാൽ ലഹരി കടത്തുകാർക്ക് പ്രയോജനകരമാകുന്നതായും സൂചനയുണ്ട്. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന സംഘം സജീവമായിരിക്കെ എക്സൈസ് ഓഫീസിലെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന ആവശ്യമുണ്ട്.

കേരള-തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാലും സ്കൂളുകൾ പ്രവർത്തിക്കുന്ന ഇവിടെ എക്സൈസ് റേഞ്ച് ഓഫീസിന്റെ ആവശ്യകത നല്ലൊരുപുതുതലമുറയെ വാർത്തെടുക്കാൻ

ആവശ്യമാണ്. സർക്കാർ ഭൂമികളെ കാടുകയറി നശിപ്പിക്കാതെ കെട്ടിട നിർമ്മാണം ആരംഭിക്കണം.

മഞ്ചവിളാകം കാർത്തികേയൻ

പൊതുപ്രവർത്തകൻ