കല്ലറ: എം.സി റോഡിനേയും തെങ്കാശി പാതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാരേറ്റ് പാലോട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. നിലവിലെ കരാറുകാരനെ ഒഴിവാക്കി അവശേഷിക്കുന്ന പ്രവർത്തനങ്ങൾക്കുവേണ്ടി നടത്തിയ രണ്ട് റീടെൻഡറിലും ആരും പങ്കെടുത്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ഡി.കെ. മുരളി എം.എൽ.എ യുടെ അടിയന്തര ഇടപെടലിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ, പൊതുമരാമത്ത് സെക്രട്ടറി, കിഫ്ബി, കെ.ആർ.എഫ്.ബി എന്നിവരുടെ നേതൃത്വത്തി യോഗം ചേർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ അവശേഷിക്കുന്ന വർക്കുകൾക്കായി വിശദമായ എസ്റ്റിമേറ്റിനും ഉടൻ അംഗീകാരമാകും. കൂടാതെ റോഡിന്റെ അറ്റകുറ്റപ്പണിക്കായി 30 ലക്ഷത്തിന്റെ എസ്റ്റിമേറ്റിന് ടെൻഡർ നൽകുകയും ചെയ്തു. ഈ മാസം 20ാം തീയതിയാണ് ടെണ്ടർ കാലാവധി. ഈ മാസം തന്നെ റിപ്പയർ പ്രവർത്തികൾ പൂർത്തിയാക്കുന്നതാണെന്ന് ഡി.കെ. മുരളി എം.എൽ എ അറിയിച്ചു.
അവശേഷിക്കുന്ന പണികൾക്ക് അനുവദിച്ചത്......... 14.58 കോടി
അടിയന്തര അറ്റകുറ്റപ്പണിക്ക്......... 30 ലക്ഷം
കുണ്ടും കുഴിയും
സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊൻമുടിയിലേക്ക് പോകുന്നതും അഞ്ച് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതുമായ 15കിലോമീറ്ററോളം ദൂരം നിർമ്മാണം നടത്തിയ സ്ഥലങ്ങളിൽ ഭൂരിഭാഗങ്ങളും ഇളകി വലിയ കുഴികളായി. ഇവിടെ ചെറുതും വലുതുമായ അപകടങ്ങളും പതിവാണ്. കൂടാതെ റോഡിനോടു ചേർന്നുള്ള ഓടകളിൽ സ്ലാബ് സ്ഥാപിക്കാത്തതും റോഡിന് ഇരുവശവും എടുത്തിട്ടുള്ള പൈപ്പ് ലൈൻ കുഴികൾ യഥാസമയം മൂടാത്തതും ഗതാഗത തടസത്തിന് കാരണമായിരുന്നു. ഇത് ചൂണ്ടി കാട്ടി കേരള കൗമുദി ഇക്കഴിഞ്ഞ പത്തിന് വാർത്തയും നൽകിയിരുന്നു.
കരാറുകാരന് ടെർമിനേഷൻ
കാരേറ്റ് മുതൽ പാലോട് വരെയുള്ള 21 കിലോമീറ്ററിൽ 15.55 കിലോമീറ്റർ ഭാഗം ആധുനികനിലവാരത്തിൽ നിർമ്മിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017 ൽ 31.7 കോടി രൂപയുടെ സാമ്പത്തികാനുമതി നൽകിയിരുന്നു. കരാറുകാരൻ നിർമ്മാണം ആരംഭിച്ചെങ്കിലും പ്രവൃത്തി പൂർത്തിയായില്ല. പ്രതീക്ഷിച്ച പുരോഗതി ഇല്ലാത്തതിനാൽ കരാറുകാരനെ ടെർമിനേറ്റ് ചെയ്തത്.