തിരുവനന്തപുരം: മാൻഹോളിൽ മനുഷ്യരെ ഇറക്കി തൊഴിലെടുപ്പിക്കുന്നത് നിയമംമൂലം നിരോധിച്ചിരിക്കേ, നഗരങ്ങളിൽ മനുഷ്യ മാലിന്യമുൾപ്പെടെ കലരുന്ന തോടുകളിലും ചാലുകളിലും ഇപ്പോഴും മാലിന്യനീക്കം മനുഷ്യരുടെ ജോലി!
അഴുക്കുചാലുകളിൽ മുങ്ങി ജോലി ചെയ്യുകയെന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയാണ് തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയി എന്ന തൊഴിലാളി. വ്യാപാരസ്ഥാപനങ്ങൾ, വീടുകൾ, ട്രെയിനുകൾ എന്നിവയിൽ നിന്നുള്ള മാലിന്യത്തിന് പുറമേ മനുഷ്യമാലിന്യവും ആമയിഴഞ്ചാൻ തോട്ടിലേക്ക് തള്ളുന്നുണ്ട്.
മനുഷ്യമാലിന്യം ഒഴുകുന്ന സിവറേജ് ലൈനുകളിൽ മനുഷ്യരെ ഉപയോഗിച്ചുള്ള മാലിന്യനീക്കം മനുഷ്യാവകാശ ലംഘനമാണ്. നഗരങ്ങളിലെ ചാലുകളിലും തോടുകളിലും മനുഷ്യമാലിന്യം ഒഴുക്കുന്നുണ്ടെന്ന് അധികാരികൾക്കറിയാം.
ചാലുകളിലെ കൊടുംമലിനജലം മാരകമായ പകർച്ചവ്യാധികൾക്ക് കാരണമാകും. അവിടേക്ക് തൊഴിലാളികളെ ഇറക്കുന്ന മനുഷ്യാവകാശ ലംഘനം ആര് തടയും?
`മാലിന്യനീക്കത്തിന് ജെറ്റിംഗ് മെഷീൻ പോലുള്ളവ ഉപയോഗിച്ചാൽ മനുഷ്യർക്ക് പണിയെടുക്കേണ്ടിവരില്ല. ഇതുപോലുള്ള ദുരന്തങ്ങളും ഒഴിവാക്കാം. അഴുക്കുചാലുകളിൽ മനുഷ്യർ ജോലി ചെയ്യേണ്ടിവരുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്.'
-പി.ശ്രീകുമാരൻ നായർ
കേന്ദ്രപരിസ്ഥിതി ആഘാത
നിർണയ അതോറിറ്റി വിദഗ്ധ
സമിതി മുൻ അംഗം
.....................................
`നഗരപ്രദേശങ്ങളിലെ അഴുക്ക് ചാലുകൾ സെപ്റ്റിക് ടാങ്കുകളെക്കാൾ മലിനമാണ്. അഴുക്ക് നിറഞ്ഞ ചാലുകളിലും തോടുകളിലും മനുഷ്യരെ ഇറക്കുന്ന സമ്പ്രദായം നിയമംമൂലം നിരോധിക്കണം. ഖര, പ്ളാസ്റ്റിക് മാലിന്യങ്ങളെക്കാൾ അപകടകാരിയാണ് ദ്രവമാലിന്യങ്ങൾ.'
-ഡോ.സി.എം.ജോയി
പരിസ്ഥിതി പ്രവർത്തകൻ
..................................
മലിനജലത്തിൽ മനുഷ്യരെ ജോലി ചെയ്യിക്കാൻ പാടില്ല. പകരം സംവിധാനമേർപ്പെടുത്തണം. മഴവെള്ളം ഒഴുക്കാനുള്ള തോടിനെ മാലിന്യം ഒഴുക്കാനുള്ള തോടാക്കി മാറ്റിയതിന്റെ ദുരന്തഫലമാണിത്. മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള ഉത്തരവാദിത്വം ജനങ്ങൾ കാണിക്കണം. മാലിന്യം ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യാൻ അധികാരികളും തയാറാവണം. റെയിൽവേയുടെയും വാണിജ്യമേഖലയിലെയും മാലിന്യങ്ങൾ ആമയിഴഞ്ചാൻ തോട്ടിലുണ്ട്. ഫ്ളോട്ടിംഗ് വേസ്റ്റ് നിർമ്മാർജ്ജനത്തിന് റെയിൽവേ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമായിരുന്നു.
-എം.ദിലീപ് കുമാർ
ശുചിത്വ മിഷൻ മുൻ ഡയറക്ടർ