പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ഇയ്യക്കോട് ആദിവാസി സെറ്റിൽമെന്റിൽ മാസങ്ങളായി തുടരുന്ന ആനശല്യത്തിന് പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ആന വീട് നശിപ്പിച്ചത് സന്ദർശിക്കാനെത്തിയ ഏഴംഗ ആർ.ആർ.ടി സംഘത്തെയും, പെരിങ്ങമ്മല സെക്ഷൻ സ്റ്റാഫുകളെയും നാട്ടുകാർ തടഞ്ഞുവച്ചു.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാലെ ആർ.ആർ.ടി ടീമിനെ പോകാൻ അനുവദിക്കുകയൊള്ളുവെന്ന് സമരക്കാർ അറിയിച്ചു. പാലോട് റേഞ്ച് ഓഫീസർ ഫോണിലൂടെ സമരക്കാരുമായി സംസാരിച്ചുവെങ്കിലും പിൻമാറിയില്ല.
തുടർന്ന് പാലോട് എസ്.ഐ റഹിമിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സമരക്കാരുമായി നടത്തിയ ചർച്ചക്കൊടുവിൽ ഇന്ന് രാവിലെ 10ഓടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയ്യക്കോട് എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.
തിരിഞ്ഞു നോക്കാതെ
നിലവിലെ റെയ്ഞ്ച് ഓഫീസർ ആദിവാസികൾ നൽകുന്ന പരാതികൾ പരിഗണിക്കാറില്ലെന്നും ഇയ്യക്കോട് നടന്ന അവലോകന യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു.
കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളെ കുറിച്ച് അറിയിച്ചാലും തിരിഞ്ഞു നോക്കാറില്ലെന്നും നഷ്ടപരിഹാരമുൾപ്പെടെ നൽകാറില്ലെന്നും സമരക്കാർ പറഞ്ഞു. റെയ്ഞ്ച് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പകൽസമയത്തും
നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലും ഇയ്യക്കോട്, കോളച്ചൽ ആദിവാസി മേഖലകളിലും പകൽ കാട്ടുമൃഗശല്യം രൂക്ഷമാണ്. സൗരോർജ്ജവേലി നിർമ്മിച്ചെങ്കിലും ജണ്ട നിർമ്മാണത്തിനിടെ പലയിടത്തും വൈദ്യുതി നിലച്ച് കുറേഭാഗം നശിപ്പിക്കപ്പെട്ടു.
ഫോറസ്റ്റ് അധികാരികളോട് വേലി പുനഃസ്ഥാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. തെങ്ങ്, കമുക്, മരച്ചീനി കൃഷികളും ആനക്കൂട്ടം നശിപ്പിച്ചു. ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഒരാളെ ആശുപത്രിയിലേക്ക് എത്തിക്കാനും ബുദ്ധിമുട്ടാണ്. സ്ട്രീറ്റ് ലൈറ്റും സ്ഥാപിക്കണമെന്ന ആവശ്യവും കേൾക്കുന്നില്ല.