muthalappozhi-azhimugham-

ചിറയിൻകീഴ്: മുതലപ്പൊഴിയിൽ ദിനവും ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് നടന്നുവരുന്നത്. ഈ ആഴ്ചയിൽ തന്നെ ആറ് അപകടങ്ങൾ നടന്നു. ഏപ്രിലിനുള്ളിൽ 18 അപകടവും മൂന്നു മരണവും സംഭവിച്ചു. 73 പേരുടെ ജീവനുകളാണ് മുതലപ്പൊഴിയിൽ ഇതുവരെ പൊലിഞ്ഞിട്ടുള്ളത്. അപകടത്തിൽ പരിക്കേറ്റവരും നിരാലംബരായവരും ഡസൻ കണക്കിനാണ്. മഴക്കാലത്ത് ശക്തമായ തിരകൾ മണൽത്തിട്ടയിൽ ഇടിക്കുമ്പോൾ ഉണ്ടാകുന്ന തിരയിളക്കത്തിലാണ് അതുവഴി കടന്നുവരുന്ന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതെന്ന് മത്സ്യത്തൊഴിലാളികൾ തന്നെ പറയുന്നു.

 വില്ലനായി മണൽത്തിട്ട

അഴിമുഖത്തെ ആഴക്കുറവും മണൽത്തിട്ടയുമാണ് നിലവിൽ ഇവിടെ അപകടങ്ങൾക്ക് കാരണം. അഴിമുഖത്ത് നാലു മീറ്ററെങ്കിലും ആഴം വേണമെന്നിരിക്കെ അതിന്റെ പകുതി പോലും പലയിടത്തുമില്ല. അഴിമുഖത്ത് വൻതോതിൽ മണൽ വന്നടിഞ്ഞ് വെള്ളത്തിനടിയിൽ മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. ഈ മണൽത്തിട്ട അഴിമുഖത്തിന്റെ പകുതിയിലേറെ ഭാഗത്ത് വ്യാപിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് വരെ എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമെങ്കിലും നടന്നിരുന്നു. ഇപ്പോൾ കാലാവസ്ഥ പ്രതികൂലമായതോടെ അതും നിലച്ചു.

മുതലപ്പൊഴിയുടെ ചരിത്രം

ആദ്യം ചെന്നൈ ഐ.ഐ.ടിയുടെ കീഴിലും പിന്നീട് അതിന്റെ വീഴ്ചകൾ മനസിലാക്കി പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ കീഴിൽ പുനർ പ്രവർത്തനവും ഇവിടെ നടന്നിരുന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന നിർമ്മാണ പ്രവർത്തനങ്ങളിലും കടലിന്റെ ഒഴുക്കും മണ്ണടിയുന്നതിന്റെ ദിശയും മനസ്സിലാക്കുന്നതിൽ വന്ന അപാകതയാണ് അഴിമുഖം ഇത്രയും അപകടകാരിയാകാൻ കാരണം. സി.ഡബ്ലിയു.പി.ആർ.എസിന്റെ റിപ്പോർട്ട് പ്രകാരമുള്ള മുതലപ്പൊഴി പുനർനിർമ്മാണത്തിനുള്ള പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 44 കോടി രൂപ മുതലപ്പൊഴിയുടെ നിർമ്മാണത്തിനായി ചെലവഴിച്ചിരുന്നു. 164 കോടി രൂപയുടെ പുനർ പ്രവർത്തനങ്ങളാണ് ഒരുങ്ങുന്നത്.

പ്രതികരണം: മുതലപ്പൊഴിയിൽ അപകടം സംഭവിച്ചാൽ പരിക്കേറ്റവരെ അഞ്ചുകിലോമീറ്ററിനപ്പുറത്തുള്ള താലൂക്ക് ആശുപത്രിയിലാണ് നിലവിൽ എത്തിക്കുന്നത്. ഇതിനിടയിൽ ഒരു ലെവൽ ക്രോസുമുണ്ട്. പെരുമാതുറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുകയാണെങ്കിൽ ഈ പ്രശ്നത്തിന് ഒരല്പം ആശ്വാസമാകും.

(ഷാഫി പെരുമാതുറ, ‌ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് പെരുമാതുറ മേഖല)