തിരുവനന്തപുരം: കാണാതായ തൊഴിലാളിക്കായിആമയിഴഞ്ചാൻ തോട്ടിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ റോബോട്ടുകളും പങ്കാളികളായി. കുമിഞ്ഞുകൂടിയ മാലിന്യം നീക്കുകയെന്നദുഷ്കരമായ ദൗത്യത്തിന്
ടെക്നോപാർക്ക് ആസ്ഥാനമായ ജെൻറോബോട്ടിക്സ് ഇന്നൊവേഷൻ കമ്പനിയുടെ ബാൻഡികൂട്ട് എന്ന റോബോട്ടിനെയാണ് ആദ്യം നിയോഗിച്ചത്. ഇന്നലെ ക്യാമറ ഘടിപ്പിച്ച ഡ്രാകോ എന്ന റോബോട്ടിനെയും ഉപയോഗിച്ചു. ജെൻറോബോട്ടിക്സ് സി.ഇ.ഒ വിമൽഗോവിന്ദ് കേരളകൗമുദിയോട് സംസാരിക്കുന്നു.
ബാൻഡികൂട്ടിന്റെ ദൗത്യം?
മാൻഹോളുകൾ വൃത്തിയാക്കാൻ 2017ലാണ് ബാൻഡികൂട്ടിനെ പുറത്തിറക്കിയത്. വൃത്താകൃതിയിലുള്ള മാൻഹോളുകളിലേയ്ക്ക് ഇറങ്ങാനുള്ള സംവിധാനമായതിനാൽ ഇവിടത്തെ രക്ഷാദൗത്യം കുറച്ച് ദുഷ്കരമായിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെ റെയിൽവേയുടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ സ്ലാബ് നീക്കി റോബോട്ടിനെ കടത്തി വിട്ടു. 12.30 വരെ റോബോട്ട് വലിയ അളവിൽ മാലിന്യം നീക്കി. ഇന്നലെ പുലർച്ചെ ഫയർഫോഴ്സിന് ഉള്ളിലിറങ്ങി പരിശോധിക്കാനും ഇത് തുണയായി.
ഡ്രാക്കോയുടെ പ്രത്യേകത?
ജോയിയെ കാണാതായ സ്ഥലത്തെ തെരച്ചിലിനാണ് ഡ്രാക്കോയെ ഉപയോഗിച്ചത്. ഡ്രാക്കോയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറികളിൽ പരീക്ഷണാർത്ഥം ഉപയോഗിക്കുന്നുണ്ട്. രാത്രികാഴ്ചയുള്ള മൂന്ന് ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.റോബോട്ടിനെ പുറത്തുനിന്ന് നിരീക്ഷിക്കാം. നിർമ്മിതബുദ്ധിയിലാണ് പ്രവർത്തിക്കുന്നത്. ചെളി നീക്കുന്നതിനും തെരച്ചിലിനും ഉപയോഗിക്കാം. ഒന്നരവർഷം മുമ്പ് കിൻഫ്രയിലാണ് യന്ത്രഭാഗങ്ങൾ വികസിപ്പിച്ചത്.
മനുഷ്യസാന്നിദ്ധ്യം ഡ്രാക്കോ തിരിച്ചറിയുമോ?
അങ്ങനെയുള്ള സംവിധാനമില്ല. എന്നാൽ, കട്ടിയുള്ള വസ്തുക്കൾ കണ്ടെത്താൻ സാധിക്കും. ചാക്കിലുണ്ടായിരുന്ന മാലിന്യം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ മനുഷ്യശരീരമാണെന്ന് തെറ്റിദ്ധരിച്ചതും ഇക്കാരണത്താലാണ്.
തോടുകൾ വൃത്തിയാക്കാൻ ഉപയോഗിക്കുമോ?
ഇതിനായി നഗരസഭയുമായി സഹകരിക്കാൻ തയ്യാറാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഡ്രെയിനുകൾ വൃത്തിയാക്കുന്നതിന് റോബോട്ടിനെ ഉപയോഗിക്കാനുള്ള ചർച്ചകൾ നടക്കുകയാണ്.