തിരുവനന്തപുരം:ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള
അതികഠിനമായ രക്ഷാപ്രവർത്തനം രണ്ടാം ദിനവും വിജയംകണ്ടില്ല.
വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം പാറപോലെ ഉറച്ചുപോയിരിക്കുകയാണ് .കനത്ത മഴയിലെ കുത്തൊഴുക്കിൽ ഇതിനടിയിലേക്ക് ജോയി ഉൗർന്നുപോയെന്നാണ് നിഗമനം. രാത്രി ഏഴരയോടെ രണ്ടാം ദിവസത്തെ ദൗത്യവും നിറുത്തിവച്ചു.
മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകൻ എൻ.ജോയി (45) ശനിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ദുരന്തത്തിന് ഇരയായത്.
രക്ഷാ ദൗത്യം ഇന്നലെ രാവിലെ ആറ് മണിയോടെ സ്കൂബ സംഘം പുനരാരംഭിച്ചു. ജോയി ഒഴുകിപ്പോയ ദിശയിൽ നിന്നും മറുവശമായ പവർഹൗസ് റോഡിന്റെ ഭാഗത്തുനിന്നും തോടിന്റെ ഉള്ളിലേക്ക് ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജൻറോബോട്ട് കമ്പനിയുടെ ഡ്രാക്കോ എന്ന റോബാട്ടിനെ ഇറക്കി.ക്യാമറ ഘടിപ്പിച്ച റോബോട്ട് 15 മീറ്ററോളം ഉള്ളിലേക്ക് കടന്നു. ഉച്ചയോടെ ക്യാമറയിൽ വലിയൊരു ചിത്രം പതിഞ്ഞു. സ്കൂബാ സംഘം പണിപ്പെട്ട് സമീപത്തേക്ക് എത്തിയെങ്കിലും അത് മാലിന്യം നിറഞ്ഞ ചാക്ക് കെട്ടായിരുന്നു. മൂന്നാമത്തെ റെയിൽവേ പ്ളാറ്റ്ഫോമിലെ മാൻഹോളിലും സ്കൂബാ സംഘമിറങ്ങി രണ്ട് മണിക്കൂറോളം തിരച്ചിൽ നടത്തി.കൂടുതൽ ഉള്ളിലേക്ക് റോബോട്ടിന് കടക്കാൻ സാധിക്കാതെ വന്നതോടെ ആ പരിശോധന അവസാനിപ്പിച്ചു.
പിന്നാലെ, ജോയി വീണ സ്ഥലത്തുനിന്ന് 40 മീറ്ററും ടണലിന്റെ മറുവശത്ത് നിന്ന് 30 മീറ്ററും ഉള്ളിലേക്ക് മാലിന്യത്തിന്റെ ഇടയിലൂടെ സ്കൂബാ സംഘം നുഴഞ്ഞു കയറി. ഉറച്ചുപോയ മാലിന്യം കാരണം മുന്നേറാനായില്ല. തുടർന്ന് ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളത്തിൽ മർദ്ദം നൽകി മാലിന്യം പുറന്തള്ളാമെന്ന് റീജയണൽ ഫയർഫോഴ്സ് ഓഫീസർ അബ്ദുൾ റഷീദും ജില്ലാ കളക്ടർ ജെറോമിക്ക് ജോർജും തീരുമാനമെടുത്തു.
വൈകിട്ട് നാലോടെ നാലാമത്തെ പ്ളാറ്റ്ഫോമിന് സമീപത്തെ യാർഡിലെ രണ്ട് മാൻഹോളിൽ ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളത്തിന് മർദ്ദം നൽകി.പക്ഷേ, കൂടുതൽ മാലിന്യം പുറത്തേക്ക് വന്നില്ല.
ആക്ഷൻ പ്ളാനിൽ ജറ്റിംഗ്
മെഷീനും തടയണയും
1.ശക്തമായ ഒഴുക്കിൽ ടണലിലെ മാലിന്യക്കൂമ്പാരത്തിന് അടിയിലായ ജോയി,ഒഴുക്ക് കുറഞ്ഞപ്പോൾ അവിടെ തങ്ങി നിൽക്കുന്നതായാണ് നിഗമനം.
2. ജറ്റിംഗ് മെഷീൻ ഉപയോഗിച്ച് ഒഴുകുന്ന ജലത്തിൽ മർദ്ദംചെലുത്തി മാലിന്യം പുറത്ത് എത്തിക്കാനുള്ള പ്രവൃത്തി തുടങ്ങി. അത് ഇന്നും തുടരും.
3.ഇന്ന് തടയണ കെട്ടി വെള്ളം തടഞ്ഞുനിറുത്തിയശേഷം തുറന്നുവിട്ട് കുത്തൊഴുക്ക് ഉണ്ടാക്കും. മാലിന്യം ഒഴുകി മാറുമെന്നാണ് പ്രതീക്ഷ.ഇതോടെ സ്കൂബാ സംഘത്തിന് കൂടുതൽ ഉള്ളിലേക്ക് പ്രവേശിക്കാനായേക്കും.