vld-2

വെള്ളറട: നാലുറോഡുകളുടെ സംഗമ സ്ഥലമായ ആറാട്ടുകുഴി ജംഗ്ഷൻ ഇരുട്ടിലായിട്ട് മാസങ്ങൾ പലതുകഴിഞ്ഞു. നാലുഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഈ ജംഗ്ഷൻ വഴിയാണ് കടന്നുപോകുന്നത്. വിളക്കുകാലിൽ സ്ഥാപിച്ചിരുന്ന ഹൈമാക്സ് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നതിന് ജനപ്രതിനിധികളുടെയോ ഗ്രാമപഞ്ചായത്ത് അധികൃതരുടെയോ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

കവലയിലെ വെളിച്ചത്തിന് വിനയായത്.

ജനനിധി പദ്ധതിക്ക് വേണ്ടി റോഡ് മുറിച്ച് പൈപ്പിടുന്നതിനുവേണ്ടി കുഴി എടുത്തതോടുകൂടിയാണ് ലൈറ്റിലേക്കുള്ള വൈദ്യുതി കണക്ഷൻ തകരാറിലായത്. എന്നാൽ കുഴിയെടുത്തവർ അവരുടെ കാര്യം കഴിഞ്ഞ് പൈപ്പിട്ട് കുഴിമൂടി. ലൈറ്റിലേക്കുള്ള വൈദ്യുത തകരാർ പരിഹരിക്കാൻ തയ്യാറായതുമില്ല. നിരവധി തവണ ലൈറ്റ് പ്രകാശിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചുവെങ്കിലും ഉടൻ പരിഹരിക്കുമെന്ന വാക്കു മാത്രമാണ് പറഞ്ഞുകേൾക്കുന്നത്.

തെരുവുനായ ശല്യവും

വെളിച്ചമില്ലാത്തതിനാൽ ഇവിടെ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. പേടികൂടാതെ രാത്രിയിൽ ഇവിടെ നിൽക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. ചൂണ്ടിക്കൽ - കൂതാളി റോഡും ആനപ്പാറ - കന്യാകുമാരി റോഡിന്റെയും പ്രധാന ജംഗ്ഷനിലാണ് ഈ ദുർഗതി.

പ്രതിഷേധിക്കും

വിളക്കുകാലിൽ വെളിച്ചം കണ്ടില്ലെങ്കിൽ മെഴുകുതിരിയും മണ്ണെണ്ണ വിളക്കും കത്തിച്ചുവച്ച് പ്രതിഷേധിക്കാൻ തയ്യാറെടുക്കുകയാണ് നാട്ടുകാർ. അധികൃതർ ജംഗ്ഷനെ അവഗണിക്കുന്നതിൽ വ്യാപകമായ പ്രതിക്ഷേധമാണ് നാട്ടുകാർക്കിടയിൽ.

നാല് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശമായിട്ടും ആരുടെ ഭാഗത്തുനിന്നും ജംഗ്ഷനിലെ ഇരുട്ട് മാറ്റാനുള്ള നടപടിയുണ്ടാകുന്നില്ല. മറ്റു ലൈറ്റുകൾ ഒന്നും ഇവിടെയില്ല. ആകെയുള്ള ഹൈമാക്സ് ലൈറ്റാണ് പ്രകാശം നിലച്ചുകിടക്കുന്നത്.