ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മത്സ്യക്കച്ചവടം നടത്തിവന്ന സ്ത്രീയെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ വീരളം ക്ഷേത്രത്തിന് പിറകുവശം സൗപർണികയിൽ വാടകയ്ക്ക് താമസിക്കുന്ന രഞ്ജു (32),പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ മനു (29 ) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 9ഓടെയായിരുന്നു സംഭവം. ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് എതിർവശത്ത് മത്സ്യക്കച്ചവടം നടത്തുന്ന കായിക്കര പുത്തൻമണ്ണ് വടയിൽ വീട്ടിൽ ബിയാട്രിസിന് (50) നേരെയാണ് ആക്രമണമുണ്ടായത്. രഞ്ജു കൈയിൽ കരുതിയ പാറക്കഷണം ഉപയോഗിച്ച് ആദ്യം ബിയാട്രിസിന്റെ നെറ്റിയിലിടിച്ച് മുറിവേല്പിച്ചു. ഇതിനുശേഷം പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് തട്ടിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞ ബിയാട്രിസിനെ അസഭ്യം പറയുകയും മനു ഇവരെ ചവിട്ടി താഴെ തള്ളിയിടുകയും ചെയ്തു. തുടർന്ന് പണമടങ്ങിയ ബക്കറ്റുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
ബിയാട്രിസ് ആറ്റിങ്ങൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി മഞ്ജു ലാലിന്റെ നിർദ്ദേശാനുസരണം എസ്.ഐ സജിത്ത്,പൊലീസുകാരായ മനോജ്,പ്രേംലാൽ,അരുൺ തുടങ്ങിയവരടങ്ങിയ സംഘം ഇന്നലെ രാവിലെ പ്രതികളെ പിടികൂടുകയായിരുന്നു. ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സയന്റിഫിക് വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതികൾ സമാനമായ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.