വെഞ്ഞാറമൂട്:മതമൈത്രിക്ക് മാതൃകയായി വീണ്ടും പിരപ്പൻ കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. മാർ ഇവാനിയോസ് മെത്രാ പ്പൊലിത്തയുടെ ഓർമ്മ പെരുന്നാൾ ദിനാചരണത്തിന്റെ ഭാഗമായി പട്ടം കബറിടത്തിലേക്കുള്ള പദയാത്രയ്ക്ക് പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്വീകരണം നൽകി. പത്തനംതിട്ട പെരുനാടിൽ നിന്ന് ആരംഭിച്ച പദയാത്ര ശനിയാഴ്ച രാത്രി പിരപ്പൻകോട് സെന്റ്ജോൺസ് ദേവാലയത്തിൽ എത്തിച്ചേർന്നിരുന്നു .
തിരുവനന്തപുരം മേജർ ആർച്ച് ബിഷപ്പ് ക്ലിമീസ് കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ ആരംഭിച്ച അവസാന ദിന പദയാത്ര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോൾ ,ക്ഷേത്ര ഭാരവാഹികൾ വിപുലമായ സ്വീകരണം ആണ് ഒരുക്കിയിരുന്നത്. പദയാത്രയുടെ മുന്നിലെ കുരിശിൽ ക്ഷേത്രം സെക്രട്ടറി ആർ എസ്.സുനിൽ പുഷ്പഹാരം അണിയിപ്പിച്ചു. സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ് മേധാവി ഫാദർ ജോസ് കിഴക്കേടത്ത് മാനവിക സന്ദേശം നൽകി.
ക്ഷേത്ര ഭാരവാഹികളായ കൂരുപറമ്പിൽ ദാമോദരൻ നായർ, ആർ.ജയകുമാർ, കെ.അനിൽകുമാർ, മുരളി കീച്ചേരി ,നാരായണപിള്ള കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നു വരുമ്പോൾ പിരപ്പൻകോട് സെന്റ് ജോൺസ് ദേവാലയവും, സെന്റ് ജോൺസ് ദേവാലയത്തിലെ ഉത്സവ ഘോഷയാത്ര വരുമ്പോഴും പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്വീകരണം നൽകാറുണ്ട്.