തിരുവനന്തപുരം: കുടുംബശ്രീ ലെഞ്ച് ബെൽ പദ്ധതിയിലൂടെയുള്ള ബിരിയാണി വിതരണം ഇന്നുമുതൽ. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ് 'പോക്കറ്റ് മാർട്ട്" വഴി രാവിലെ ഏഴ് മുതൽ പിറ്റേദിവസം രാവിലെ ഏഴ് വരെ ഓർഡർ ചെയ്യാം. നിലവിൽ ഊണ് വിതരണം ചെയ്യുന്ന ഉള്ളൂർ, മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, വഴുതയ്ക്കാട്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ബിരിയാണിയും നൽകുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കട്ട് ഫ്രൂട്ട്സും കിഴിപ്പൊറോട്ടയും ലഭ്യമാകും. പ്രകൃതി സൗഹൃദമാതൃകയിൽ തയ്യാറാക്കിയ പാത്രങ്ങളിലാകും ബിരിയാണി, കിഴി പൊറോട്ട എന്നിവ നൽകുക.
ഓഗസ്റ്റ് മുതൽ കളക്ടറേറ്രിലേക്കും വിതരണം വ്യാപിപ്പിക്കും. നിലവിൽ ദിവസം 200 ഊണ് ലെഞ്ച് ബെൽ വഴി കുടുംബശ്രീ വിതരണം ചെയ്യുന്നുണ്ട്. നാലുമാസം കൊണ്ട് 10,000 ഊണ് നൽകിക്കഴിഞ്ഞു. വെജിറ്റേറിയൻ ഊണിന് 60ഉം മീൻ കൂട്ടിയുള്ള ഊണിന് 90 രൂപയുമാണ് വില. ബിരിയാണിക്ക് ജി.എസ്.ടി ഉൾപ്പെടെ 189രൂപയാണ്.
ചിക്കൻ ബിരിയാണിയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. പാറോട്ടുകോണം ശ്രുതി കുടുംബശ്രീ യൂണിറ്റാണ് ഊണ് തയ്യാറാക്കി നൽകുന്നത്. ബിരിയാണി പട്ടം സിന്ധൂസ് കിച്ചണിലും. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിദ്ധ്യം ഉറപ്പാക്കി, വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം.