തിരുവനന്തപുരം: 'മണിക്ക് ഒരു സിനിമ നിർമ്മിച്ചു കൂടേ...?' ചോദ്യം അക്കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടൻ മധുവിന്റെതാണ്. അതൊക്കെ ശരിയാകുമോയെന്ന് മണിക്ക് സംശയം. മധുവിന്റെ ഉറപ്പിലാണ് വെള്ളിത്തിരയിൽ 'നിർമ്മാണം എം. മണി' എന്നു തെളിഞ്ഞു തുടങ്ങിയത്.
ഹോട്ടൽ വ്യവസായത്തിൽ മിന്നിത്തിളങ്ങി നിൽക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള മധുവിന്റെ പ്രോത്സാഹനം. ഹോട്ടൽ തുടങ്ങുന്നതിനു മുമ്പ് സെക്രട്ടേറിയറ്റിനു മുന്നിൽ മണി സ്റ്റേഷനറി കട നടത്തിയിരുന്നു അന്നു തന്നെ തലസ്ഥാനത്തെ സിനിമക്കാരുമായി അടുപ്പമുണ്ടായിരുന്നു. അരോമ, സംഗീത എന്നീ പേരുകളിൽ തിരുവനന്തപുരത്ത് അദ്ദേഹം ഹോട്ടലുകൾ തുറന്നു. അക്കാലത്താണ് സഹപാഠി രാമചന്ദ്രൻ വഴി നടൻ മധുവുമായി പരിചയപ്പെടുന്നത്.1976ലായിരുന്നു സിനിമ നിർമ്മിക്കാൻ തീരുമാനിച്ചത്. മധു നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ധീരസമീരെ യമുനാതീരെ എന്ന ചിത്രം 1977 ജനുവരി 21ന് റിലീസായി. ഒ.എൻ.വിയുടെ രചനയിൽ ശ്യാം സംഗീതം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റായി. മകൾ സുനിതയുടെ പേരിലുള്ള 'സുനിത പ്രൊഡക്ഷൻ'സിന്റെ ബാനറിലായിരുന്നു
തുടർന്ന്, മധുവിനെ നായകനാക്കി 'റൗഡി രാമു' നിർമ്മിച്ചു. കഥ മണിയുടേതായിരുന്നു. സംവിധാനം എം.കൃഷ്ണൻ നായർ. ചിത്രം ഹിറ്റ്. ഇതേ ടീമിനെ രംഗത്തിറക്കി മാസങ്ങൾക്കുള്ളിൽ ഉറക്കം വരാത്ത രാത്രികൾ തീയേറ്ററിലെത്തിച്ചു.
പിന്നീട് നിർമ്മാണ രംഗത്ത് വൻ മുന്നേറ്റം .. രചന മുതൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ വരെ വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഇടയ്ക്കുണ്ടായ പരാജയങ്ങൾ തളർത്തിയില്ല. പൂർത്തിയാകാത്ത തിരക്കഥയുമായി മണി സിനിമ നിർമ്മിക്കാനിറങ്ങിയില്ല. തമിഴിൽ ഹിറ്റായ 'കാശി' ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചു. കഥയെഴുത്തിലും സംവിധാനത്തിലും മികവു കാട്ടി. ആ ദിവസം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, എന്റെ കളിത്തോഴൻ, മുത്തോട് മുത്ത്,ആനക്കൊരുമ്മ, പച്ച വെളിച്ചം എന്നീ ചിത്രങ്ങളിൽ. ക്യാമറയ്ക്കു മുന്നിലും പിന്നിലും പുതുമുഖങ്ങൾക്ക് അവസരം നൽകി.
എല്ലാവരുടേയും മണിസാർ
സിനിമയിലെ സൂപ്പർതാരങ്ങൾക്കും പ്രൊഡക്ഷൻ ബോയിക്കും മണിസാറായിരുന്നു എം.മണി.
മമ്മൂട്ടിയും മോഹൻലാലും പ്രിയദർശനും സുരേഷ്ഗോപിയും ഷാജി കൈലാസും മണി സാർ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.
'പ്രിയപ്പെട്ട മണി സാറിന് ആദരാഞ്ജലികൾ...' എന്നാണ് ഇന്നലെ മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്
സുനിതാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച സിനിമകളുടെ ടൈറ്റിലിൽ 'നിർമ്മാണം എം.മണിയെന്നാണ്' കാണാൻ സാധിക്കുക. എന്നാൽ അരോമാ റിലീസ് എന്ന വിതരണക്കമ്പനിയിലുടെ ചലച്ചിത്ര ജീവിതം ആരംഭിച്ച അദ്ദേഹം വ്യാപകമായി അറിയപ്പെട്ടിരുന്നത് അരോമാ മണി എന്നായിരുന്നു.
വി.ഡി. സതീശൻ
അനുശോചിച്ചു
കൊച്ചി: ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണിയുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. ആസ്വാദകർക്ക് മറക്കാനാകാത്ത സിനിമാ നിർമ്മാണ കമ്പനികളാണ് സുനിത പ്രൊഡക്ഷൻസും അരോമ മൂവി ഇന്റർനാഷണലും. രണ്ടു കമ്പനികളുടെ ബാനറിൽ നിരവധി ജനപ്രിയ സിനിമകളാണ് അരോമ മണി തിയേറ്ററുകളിലെത്തിച്ചത്. സംവിധായകനായും അരോമ മണി തിളങ്ങി. മലയാള സിനിമാചരിത്രത്തിൽ വിസ്മരിക്കാനാകാത്ത പേരാണ് അരോമ മണിയുടേത്.