dd
ഉമ്മൻചാണ്ടി

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മന്ന ചാരിറ്റബിൾ ട്രസ്റ്റ് ഉമ്മൻ ചാണ്ടി സ്‌നേഹസ്പർശമെന്ന പേരിൽ സംസ്ഥാനത്ത് ജീവകാരുണ്യ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ട്രസ്റ്റി മറിയാമ്മ ഉമ്മൻ അറിയിച്ചു.

ജൂലായ് 18 ന് കോട്ടയം ജില്ലയിൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന്റെ ബാങ്ക് ബാദ്ധ്യതകൾ തീർത്ത് ആധാരം തിരികെയെടുത്ത് നല്കും. ജൂലായ് 20 രാവിലെ ഒൻപത് മുതൽ ഇടുക്കി കഞ്ഞിക്കുഴി ഉമ്മൻ ചാണ്ടി നഗറിൽ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജൂലായ് 21 ന് പത്തനാപുരം ഗാന്ധിഭവനിൽ ശാന്തിഗിരി ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് രാവിലെ 10.00 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനവും ട്രസ്റ്റിന്റെ ആയുർവേദ മെഡിക്കൽ ക്യാമ്പ് പദ്ധതിയുടെ ഉദ്ഘാടനവും മുൻ എം.പി കെ.മുരളീധരൻ നിർവഹിക്കും. മത സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

ജൂലായ് 28 ന് ആലപ്പുഴയിൽ പോളിടെക്നിക് ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിദ്യാർത്ഥിക്ക് ട്രസ്റ്റിന്റെ വക പഠനസഹായം നൽകും.

ഓഗസ്റ്റ് മൂന്ന് രാവിലെ 9.30 മുതൽ അട്ടപ്പാടി സെന്റ് തോമസ് ആശ്രമവും ബാലികാ ബാലഭവനും സന്ദർശിച്ച് കുട്ടികൾക്കൊപ്പം ദിനം ചെലവിടും. മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന മെത്രാപ്പോലീത്താ ഗീവർഗീസ് മാർ പക്കോ മിയോസ് മുഖ്യാതിഥിയായിരിക്കും.

ഓഗസ്റ്റ് നാല് രാവിലെ 11.00 മുതൽ കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് അട്ടപ്പാടി നന്മ കൂട്ടായ്മ എന്നിവയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മണ്ണാർക്കാട് എം.എൽ.എ. എൻ.ഷംസുദീൻ ഉദ്ഘാടനം ചെയ്യും. സിനിമാതാരം കൈലാസ് മുഖ്യാതിഥിയാവും.